Connect with us

Articles

“സംഘ്പരിവാര്‍ ദുര്‍ബലമാകുമ്പോള്‍ നെഞ്ചിടിക്കുന്നതാര്‍ക്ക്?

Published

|

Last Updated

ഇന്ദ്രപ്രസ്ഥത്തിലെ അധികാരം ലക്ഷ്യം വെച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി പടയോട്ടം നടത്തുന്നുവെന്ന വന്‍ പ്രചാരവേലകള്‍ക്കിടയിലാണ് കേരളത്തില്‍ ബി ജെ പിയിലെ ഒരു പ്രബല വിഭാഗം കാവി രാഷ്ട്രീയം ഉപേക്ഷിക്കുന്നത്. സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാണ് ബി ജെ പിയുടെ മൂന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഒ കെ വാസുവിന്റെയും അശോകന്റെയും നേതൃത്വത്തില്‍ രണ്ടായിരത്തിലേറെ പേര്‍ കാവി രാഷ്ട്രീയത്തെ പുറംതള്ളി ചുവപ്പിന്റെ പാതയിലേക്ക് കടന്നുവന്നിരിക്കുന്നത്.
കണ്ണൂരിലെ സവിശേഷമായ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ ചരിത്രമെന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കാനും ശാരീരികമായി ഇല്ലാതാക്കാനും കോണ്‍ഗ്രസും സംഘ് പരിവാറും നടത്തിയ കൊലപാതക പ്രവര്‍ത്തനങ്ങളാണ്. സ്വാതന്ത്ര്യ സമര സേനാനി മൊയാരത്ത് ശങ്കരനെ പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ കോണ്‍ഗ്രസുകാര്‍ വക വരുത്തുകയായിരുന്നല്ലോ. കോണ്‍ഗ്രസ് വിട്ട അദ്ദേഹം തൊഴിലാളി കര്‍ഷക ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്‍കൈയെടുത്തു എന്നതായിരുന്നു പ്രകോപനം. സ്വാതന്ത്ര്യാനന്തരം, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കനുകൂലമാകുമെന്നും നെഹ്‌റുവിന് ശേഷം അവര്‍ ദേശീയാധികാരത്തിലേക്ക് എത്തുമെന്നും ഇന്ത്യയിലെ ഭൂപ്രഭു വര്‍ഗങ്ങളും അവരുടെ സാര്‍വദേശീയ യജമാനന്മാരും ഭയപ്പെട്ടിരുന്നു. കമ്യൂണിസത്തെ തടയാനുള്ള വര്‍ഗീയവത്കരണത്തിനായി, ഗാന്ധി വധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍ എസ് എസിനെ പ്രവര്‍ത്തിക്കാനനുവദിക്കണമെന്ന് സി ഐ എ ആഗ്രഹിച്ചിരുന്നു. ശീതയുദ്ധത്തിന്റെയും ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരത്തിന്റെയും പശ്ചാത്തലത്തില്‍ വര്‍ഗീയവത്കരണവും ഹൈന്ദവ രാഷ്ട്രീയത്തെ കോണ്‍ഗ്രസിന് ബദലായി വളര്‍ത്തിയെടുക്കലും അമേരിക്ക പ്രധാന ലക്ഷ്യമായി കണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് സ്വാധീന കേന്ദ്രങ്ങളില്‍ ഇതിനായി അവര്‍ പ്രത്യേകം കേന്ദ്രീകരിച്ചിരുന്നു. സി ഐ എ ഉദ്യോഗസ്ഥനായ ജെ എ കറാന്‍ ഇതിനായുള്ള പഠനവും പദ്ധതിയും രൂപപ്പെടുത്തിയിരുന്നു.
ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ വേണം കണ്ണൂരിലെ സംഘ്പരിവാര്‍ ഇടപെടലുകളെ കാണാന്‍. പണിയെടുക്കുന്നവരെ വര്‍ഗീയമായി ചേരി തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലുടനീളം ആര്‍ എസ് എസ് വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചത്. 1970ലെ തലശ്ശേരി കലാപവും ഈയൊരു ലക്ഷ്യത്തോടെയായിരുന്നു. മുസ്‌ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ അതിക്രമം അഴിച്ചുവിട്ട് കലാപം പടര്‍ത്തുക എന്ന ആര്‍ എസ് എസ് പദ്ധതിയെ തടഞ്ഞത് കമ്മ്യൂണിസ്റ്റുകാരാണ്. ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്താനുള്ള സംഘ്പരിവാര്‍ അജന്‍ഡയെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ ജീവന്‍ കൊടുത്തുകൊണ്ടാണ് പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞിരാമന്‍ പള്ളി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആര്‍ എസ് എസുകാരുടെ കൊലക്കത്തിക്കിരയാകുന്നത്.
1970കളിലും 80കളിലും കണ്ണൂരിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സഹായങ്ങളുണ്ടായിരുന്നു. സംഘ്പരിവാറും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരായ പുതിയ പരീക്ഷണങ്ങളും ഇക്കാലത്ത് വടകര പാര്‍ലിമെന്റ് മണ്ഡലത്തിലുണ്ടായി. വടകര, ബേപ്പൂര്‍ മോഡലുകള്‍ പരീക്ഷിക്കപ്പെട്ടത് ഇടുതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ പരീക്ഷണമെന്ന നിലക്കായിരുന്നല്ലോ.
ഇന്നിപ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും അങ്ങേയറ്റം ജീര്‍ണിച്ചിരിക്കുന്നു. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കി കോര്‍പ്പറേറ്റ് കൊള്ളക്ക് അവസരമൊരുക്കുകയാണ് രണ്ട് കൂട്ടരും. അവര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും കോര്‍പറേറ്റുകളുടെ അരുമകളാണ്. റിലയന്‍സ് മുതലാളി മോദിയെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്യുന്നത് “നമോ” എന്നാണ്. രാഹുല്‍ ഗാന്ധിയെ “രാഗ”യെന്നും. ഉദാരവത്കരണ നയങ്ങള്‍ ലക്ഷ്യം വെക്കുന്ന സ്വകാര്യവത്കരണം രാജ്യത്തെ കോര്‍പറേറ്റ് വാഴ്ചയിലേക്ക് എത്തിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ നിയമാതീതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കി അതിന്റെ കമ്മീഷന്‍ പറ്റുന്ന അഴിമതി ഭരണമാണ് യു പി എ തുടരുന്നത്. ബി ജെ പിയും എന്‍ ഡി എ ഭരണകാലത്ത് കോര്‍പറേറ്റ് കൊള്ളക്ക് വേഗം കൂട്ടുകയായിരുന്നു.
സംഘ് പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തതും രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്തിയതും ആഗോളവത്കരണ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടുക എന്ന ആസൂത്രിത ലക്ഷ്യത്തോടെയായിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഘടനയെ തകര്‍ക്കുകയാണ് സംഘ്പരിവാറിന്റെ അജന്‍ഡ. “ഭിന്നിപ്പിക്കുക, ഭരിക്കുക” എന്ന കൊളോണിയല്‍ തന്ത്രമാണ് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ദേശീയ അടിമത്വത്തില്‍ ഇന്ത്യയെ തളച്ചിട്ടത്. വര്‍ഗീയവും ജാതീയവും പ്രാദേശികവുമായ വിഘടനവാദ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും സംഘ്പരിവാര്‍ ചോദ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അതിനെ പ്രതിരോധിക്കാന്‍ തയ്യാറാകുന്നില്ല. മുസാഫര്‍ നഗറിലും മറ്റും നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് ഉത്തരവാദികളായവരെ നേരിടാന്‍ മടിച്ചുനിന്ന കോണ്‍ഗ്രസ് ഇരകളെ കുറ്റപ്പെടുത്താനാണ് തിടുക്കം കാണിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് മുസാഫര്‍ നഗറിലെ ഇരകളെ ഐ എസ് ഐ സ്വാധീനിക്കുന്നുവെന്നാണ്. രാജ്യത്തിന്റെ വര്‍ഗീയവത്കരണവും അഴിമതിയും ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഭീകരതയെയും ജീര്‍ണാവസ്ഥയെയുമാണ് അനാവരണം ചെയ്യുന്നത്. ഇതിനെതിരായ പോരാട്ടമാണ് ജനാധിപത്യ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ മതനിരപേക്ഷതയിലധിഷ്ഠിതമായ ഒരു ബദല്‍ രാഷ്ട്രീയമാണ് രാജ്യത്ത് രൂപപ്പെടേണ്ടത്.
ഈയൊരു തിരിച്ചറിവ് നേടുന്നവരെല്ലാം അത്തരമൊരു ജനകീയ ബദലിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തിയുള്ള ഇടതുപക്ഷവുമായി അടുക്കുന്നുണ്ട്. യു ഡി എഫില്‍ നിന്ന് ജെ എസ് എസും ഗൗരിയമ്മയും വിട്ടുപോന്നതും സി എം പിയില്‍ പടലപ്പിണക്കങ്ങള്‍ ആരംഭിച്ചതും ഈയൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാണ്. ബി ജെ പിയിലും വീരേന്ദ്രകുമാറിന്റെ ജനതയിലുമെല്ലാം വലതു രാഷ്ട്രീയത്തിനും ജനങ്ങളെ പൊറുതി മുട്ടിക്കുന്ന നയങ്ങള്‍ക്കുമെതിരെ രോഷം ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയാണ്. ബി ജെ പിയുടെ ജനാധിപത്യവിരുദ്ധവും ജീര്‍ണവുമായ രാഷ്ട്രീയത്തില്‍ മനം മടുത്താണ് വാസുവും കൂട്ടരും സി പി എമ്മില്‍ ചേര്‍ന്നത്. ജാതിക്കും മതത്തിനുമതീതമായ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും സി പി എമ്മിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നുമാണ് വാസു മാസ്റ്റര്‍ പ്രഖ്യാപിച്ചത്. 40 വര്‍ഷക്കാലത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തന കാലത്ത് സംഭവിച്ചുപോയ തെറ്റുകള്‍ക്ക് അദ്ദേഹം ആയിരങ്ങളെ സാക്ഷി നിര്‍ത്തി കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു.
ബി ജെ പി ദുര്‍ബലമാകുമ്പോള്‍ കാവി രാഷ്ട്രീയവും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയവുമാണ് തകരുന്നത്. വലതുപക്ഷം ദുര്‍ബലമാകുന്നതില്‍ വിഷമമുള്ളവരാണ് വാസു മാസ്റ്ററും കൂട്ടരും സി പി എമ്മില്‍ ചേരുന്നതിനെതിരെ ബഹളം വെക്കുന്നത്. മതനിരപേക്ഷതക്ക് ഭീഷണി ഉയര്‍ത്തുന്ന ഇടതുപക്ഷ പ്രശ്‌നങ്ങളോട് അസഹിഷ്ണുത പടര്‍ത്തുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ചൂഷക വര്‍ഗ താത്പര്യങ്ങളെയാണ് എല്ലാ കാലത്തും സേവിച്ചുപോന്നത്. അതിന്റെ വഞ്ചനാത്മകതയും കാപട്യവും തിരിച്ചറിഞ്ഞവര്‍ പല ഘട്ടങ്ങളിലായി സംഘ്പരിവാറുമായി വഴി പിരിഞ്ഞിട്ടുണ്ട്. സൈമണ്‍ കമ്മീഷനോട് ഹിന്ദു മഹാസഭ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ലാലാ ലജ്പത്‌റായിയെ പോലുള്ളവര്‍ ഹിന്ദു മഹാസഭ വിട്ടത്. സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് ഹിന്ദു മഹാസഭ വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഈ ചരിത്ര പാഠങ്ങളെയെല്ലാം മറച്ചുപിടിച്ച് സി പി എം നടത്തുന്നത് രക്തസാക്ഷികളോടുള്ള വഞ്ചനയാണെന്ന് പറയുന്നവര്‍ പോരാട്ടങ്ങളിലൂടെ അവര്‍ തോല്‍പ്പിക്കാനാഗ്രഹിച്ച ഒരു പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ എന്തുകൊണ്ടോ വിഷമിക്കുന്നവരാണ്.
വലതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയും വര്‍ഗീയ പ്രസ്ഥാനത്തിന്റെ ശിഥിലീകരണവും അത്തരക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് അവരുടെ ഇടതുപക്ഷ വിരുദ്ധത കൊണ്ടാണ്. വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍ക്ക് ബൂര്‍ഷ്വാ വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ബഹുജന സ്വാധീനം നഷ്ടമാകുന്നത് സഹിക്കാനാകില്ലല്ലോ.

---- facebook comment plugin here -----

Latest