ഉക്രൈന്‍: ഇ യുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ യു എസ് ഖേദം പ്രകടിപ്പിച്ചു

Posted on: February 7, 2014 11:28 pm | Last updated: February 7, 2014 at 11:28 pm

nulandവാഷിംഗ്ടണ്‍: ഉക്രൈന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂനിയനെതിരെ യുണ്ടായ മോശം പരാമര്‍ശത്തില്‍ യു എസ് ഖേദം പ്രകടിപ്പിച്ചു. റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച വിഷയത്തിലാണ് യു എസ് ഉദ്യോഗസ്ഥ വിക്‌ടോറിയ നുലാന്‍ഡ യൂറോപ്യന്‍ യൂനിയനെ അപഹസിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്.
ഉക്രൈനിലെ പ്രക്ഷോഭത്തില്‍ പരിഹാരം കാണുന്നതിനാണ് യൂറോപ്യന്‍ യൂനിയനും, യു എസും ചര്‍ച്ച നടത്തിയത്. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് സംഭവത്തില്‍ ഖേദപ്രകടനം നടത്തിയത്. നവംബര്‍ മുതല്‍ ഉക്രൈനില്‍ റഷ്യയുമായുള്ള വ്യാപാര കരാറില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടക്കുകയാണ്. നുലാന്‍ഡും ഉക്രൈനിലെ യു എസ് അംബാസഡറും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രചരിച്ചിരുന്നു.
നാല് മിനിട്ടും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നുലാന്‍ഡ് യൂറോപ്യന്‍ യൂനിയനെ അപഹസിച്ച് സംസാരിക്കുന്നതാണ് യൂറോപ്യന്‍ അംഗരാജ്യങ്ങളെ ചൊടിപ്പിച്ചത്. പലരും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു.
ഉക്രൈനിലെ സ്ഥിതിവിശേഷമാണ് ഇരു യു എസ് നേതാക്കളും ചര്‍ച്ച ചെയ്തത്. ഉക്രൈന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വിലയിരുത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സോചി ഒളിമ്പികിസിനെ കുറിച്ച് ഇരുവരും ചര്‍ച്ചയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേ സമയം, ഉക്രൈന്‍ പ്രശ്‌നപരിഹാരത്തിന് യൂറോപ്യന്‍ യൂനിയന്‍ നടത്തുന്ന ശ്രമങ്ങളെ അപഹസിച്ച അമേരിക്കന്‍ നിലപാടിനെതിരെ ജര്‍മന്‍ പ്രസിഡന്റ് ആഞ്ചലാ മെര്‍ക്കല്‍. പ്രശ്‌നത്തില്‍ റഷ്യയുടെ പങ്കിനെ കുറിച്ചാണ് വിക്‌ടോറിയ നുലാന്‍ഡ് അപഹാസ്യകരമായ പ്രസ്താവന നടത്തിയത്.