മണ്ണാര്‍ക്കാട് മുസ്‌ലിം ലീഗില്‍ വിഭാഗീയത രൂക്ഷം; സമാന്തര കമ്മിറ്റിക്ക് നീക്കം

Posted on: February 7, 2014 4:56 pm | Last updated: February 7, 2014 at 4:56 pm

leagueമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുസ്‌ലിംലീഗില്‍ വിഭാഗീയത രൂക്ഷമാകുന്നു. അലനല്ലൂര്‍, കോട്ടോപ്പാടം, മണ്ണാര്‍ക്കാട് പഞ്ചായത്തുകളിലാണ് ഗ്രൂപ്പിസം ശക്തമായിരിക്കുന്നത്.
ഇന്നലെ ഉച്ചക്ക് ശേഷം കോടതിപ്പടിയില്‍ ഇവരുടെ രഹസ്യ യോഗവും നടന്നു. അലനല്ലൂര്‍, മണ്ണാര്‍ക്കാട് പഞ്ചായത്തുകളിലെ ഔദ്യോഗിക കമ്മിറ്റിയുമായി ഒത്തുപോകാത്ത മുതിര്‍ന്ന നേതാക്കളാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് നേതൃത്വത്തിന് കഴിയാത്ത സഹചര്യത്തില്‍ അസംതൃപ്തരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പൊതുവേദിയുണ്ടാക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 21ാം തീയതി വൈകുന്നേരം 4മണിക്ക് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ ചേരുന്നതിനും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലും വിഭാഗീയത രൂക്ഷമാണ്. പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് മുസ്‌ലിംലീഗിലെ അഞ്ച് അംഗങ്ങള്‍ രാജി ഭീഷണി മുഴക്കി നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയരിക്കുകയാണ്. ജില്ലാ തലത്തിലുളള ഒത്തുതീര്‍പ്പും ഫലം കണ്ടിട്ടില്ല. അലനല്ലൂര്‍ പഞ്ചായത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലും ലക്ഷ്യം കണ്ടിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ രൂക്ഷമായ വിഭാഗീയത തല പൊക്കുകയും കൂട്ടവെട്ടിനിരത്തലും നടന്നിരുന്നു.
ഇതിനുശേഷം അനൗദ്യോഗികമായി അസംതൃപ്തരെകൂടി പാര്‍ട്ടിയില്‍ സജീവമാക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും പ്രശ്‌നം നീറിപുകയുകയായിരുന്നു. വിഭാഗീയത സജീവമായ പഞ്ചായത്തുകളില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെയുളളവരുടെ ഒത്തുചേരലിനാണ് വേദിയൊരുങ്ങുന്നത്.
ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് അംഗങ്ങളായവരും, മുസ്‌ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി, പ്രവാസി ലീഗ് നേതാക്കള്‍, എസ് ടി യു മണ്ഡലം ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടിയെ നയിച്ച പ്രമുഖര്‍ അടക്കമുളളവരാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ചെയ്തികള്‍ക്കെതിരെ സമാന്തര കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.