ലുലു വാക്ക് ഫോര്‍ വെല്‍നസ് 21 ന്‌

Posted on: February 6, 2014 9:13 pm | Last updated: February 6, 2014 at 9:13 pm
lulu walk
പ്രമേഹത്തിനെതിരെ ലുലു വാക് പരിപാടിയുടെ രജിസ്‌ട്രേഷന്‍ എം എ സലീമില്‍ നിന്ന് എല്‍വിസ് ചുമ്മാര്‍ ഏറ്റുവാങ്ങുന്നു

ദുബൈ: പ്രമേഹത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ഈ മാസം 21 ന് ദുബൈയില്‍, ലുലു വാക്ക് ഫോര്‍ വെല്‍നസ് എന്ന കൂട്ടനടത്തം സംഘടിപ്പിക്കും. ഫെബ്രുവരി 21 ന് വെള്ളിയാഴ്ച രാവിലെ എട്ടിന് ദുബൈ സാബീല്‍ പാര്‍ക്കിലാണ് പരിപാടി. യു എ ഇയിലെ ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ, ഇന്ത്യന്‍ മീഡിയാ ഫോറം (ഐ എം എഫ്) യു എ ഇ യുമായി സഹകരിച്ചാണ് കൂട്ടനടത്തം. കൂടാതെ, ദുബൈ പോലീസ്, ദുബൈ നഗരസഭ, യു എ ഇ റെഡ് ക്രസന്റ് എന്നിവരും പരിപാടിയുമായി സഹകരിക്കും. കൂട്ടനടത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇതോടൊപ്പം ആരംഭിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാറില്‍ നിന്ന് , ആദ്യ അംഗത്വം സ്വീകരിച്ച് കൊണ്ട് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം രജിസ്‌ട്രേഷന് തുടക്കമിട്ടു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രമുഖ ശാഖകളില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറുകള്‍ വഴിയും പേര് രജിസ്റ്റര്‍ ചെയ്യാം. കൂട്ടനടത്തത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പങ്കെടുക്കുന്ന ഒരാള്‍ വീതം, പത്ത് ദിര്‍ഹം ലുലു ഗ്രൂപ്പ്, ദുബൈ ഓട്ടിസം സെന്ററിലേക്ക് സംഭാവന ചെയ്യും. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായ്യിരം പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്.