ഗവ. കമ്യൂണിക്കേഷന്‍ ഫോറം 22 മുതല്‍

Posted on: February 6, 2014 8:01 pm | Last updated: February 6, 2014 at 9:02 pm

ഷാര്‍ജ: ഇന്റര്‍നാഷണല്‍ ഗവ. കമ്യൂണിക്കേഷന്‍ ഫോറം ഫെബ്രുവരി 22 മുതല്‍ 24 വരെ ഷാര്‍ജ എക്‌സ്‌പോയില്‍ നടക്കുമെന്ന് ഷാര്‍ജ മീഡിയ സെന്റര്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ഗോര്‍ബച്ചേവ് അടക്കം രാജ്യാന്തര തലത്തില്‍ പ്രമുഖരായ 25 പ്രഫഷണലുകള്‍ സമ്മേളനത്തില്‍ ശ്രോതാക്കളുമായി സംവദിക്കും.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്‍മികത്വത്തിലാണ് മൂന്നാമത് സമ്മേളനം നടക്കുക. ‘വ്യത്യസ്ത ധര്‍മം, പരസ്പര താല്‍പര്യം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഫോറം ഒരുക്കിയിരിക്കുന്നത്.
ഗവണ്‍മെന്റ് വിഭാഗങ്ങളുമായി പൊതുജന സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാവും ഫോറമെന്ന് ശൈഖ് അഹ്മദ് അല്‍ ഖാസിമി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ കാറിനോടൊപ്പം നഷ്ടപ്പെട്ട കുട്ടിയെ ഷാര്‍ജ പോലീസ് രക്ഷിച്ച സംഭവം അദ്ദേഹം അനുമരിച്ചു. നവ മാധ്യമങ്ങളെ പൊതു ജന സമ്പര്‍ക്കിത്തിന് ഉപയോഗിക്കുന്ന പുതിയ രീതി ഉയര്‍ന്നു വന്നിട്ടുള്ളത് ശുഭോതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ മീഡിയ ഡയറക്ടര്‍ ഉസാമ സമ്‌റ പങ്കെടുത്തു. പ്രമുഖ ടി വി അവതാരകന്‍ തുര്‍കി അല്‍ ദകീല്‍ പരിപാടി നിയന്ത്രിച്ചു.