Connect with us

Gulf

ദുബൈ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി: എയര്‍ ഇന്ത്യ ഷെഡ്യൂളില്‍ മാറ്റം വരുത്തും

Published

|

Last Updated

ദുബൈ: അറ്റകുറ്റപ്പണികള്‍ക്കായി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ താത്കാലികമായി അടയ്ക്കുന്നതു കാരണം ചില ഷെഡ്യൂളുകളില്‍ മാറ്റംവരുത്തുമെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ റാം ബാബു അറിയിച്ചു. മെയ് ഒന്ന് മുതല്‍ ജൂലായ് 20 വരെ 80 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഒരു റണ്‍വേ ഞായറാഴ്ച നാല് മണിക്കൂര്‍ ഒഴികെ ബാക്കിസമയം പതിവുപോലെ പ്രവര്‍ത്തിക്കും.
ദുബൈ വിമാനത്താവളത്തിലെ റണ്‍വേകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ വിമാന സര്‍വീസുകള്‍ പകുതിയായി കുറയ്ക്കാനോ ജബല്‍ അലിക്കടുത്ത ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം വിമാനത്താവളം ഉപയോഗിക്കാനോ ആണ് എയര്‍ലൈനറുകള്‍ക്ക് നിര്‍ദേശം.
എയര്‍പോര്‍ട്ട് കോ-ഓര്‍ഡിനേഷന്‍ ലിമിറ്റഡാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്നും ദുബൈയില്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാത്ത വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്നും റാം ബാബു പറഞ്ഞു.
മൂന്ന് റണ്‍വേകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. മെയ് ഒന്നിന് രാവിലെ 11 മുതലാണ് അടക്കുന്നത്. എന്നാല്‍ ഒരു റണ്‍വേ പ്രവര്‍ത്തിക്കും. ഇവിടെയും ഈ കാലയളവിലെ എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മുതല്‍ എട്ട് വരെ സര്‍വീസ് ഉണ്ടായിരിക്കില്ല. ദുബൈയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയൊരു വിമാനത്താവളം ഈയിടെ ജബല്‍ അലി വ്യവസായകേന്ദ്രത്തിനടുത്തായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എയര്‍ ഷോയുടെ ഇത്തവണത്തെ വേദിയും ഈ വിമാനത്താവളമായിരുന്നു. പ്രധാന നഗരത്തില്‍ നിന്ന് അമ്പത് കി. മീറ്ററിലേറെ അകലെയാണ് പുതിയ വിമാനത്താവളം. ഇപ്പോള്‍ പ്രധാനമായും കിഴക്കന്‍ യൂറോപ്പിലേക്കുള്ള സര്‍വീസുകളാണ് ഇവിടെനിന്ന് നടത്തുന്നത്.
അറ്റകുറ്റപ്പണി നടക്കേണ്ടതിനാല്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ സംബന്ധിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് എയര്‍പോര്‍ട്ട് കോര്‍ഡിനേഷന്‍ ലിമിറ്റഡ് നല്‍കുന്ന അറിയിപ്പ് പ്രകാരം ദുബൈയുടെ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈദുബൈയും 22 ശതമാനം വീതം സര്‍വീസ് കുറയ്ക്കണം. മറ്റ് എയര്‍ലൈനുകള്‍ 50 ശതമാനം കണ്ടും സര്‍വീസ് കുറയ്ക്കണമെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യ ദിവസം അഞ്ച് സര്‍വീസുകളാണ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് അതിലേറെ സര്‍വീസുകളുണ്ട്.

Latest