മേരിയെ കൊലപ്പെടുത്താന്‍ പ്രതി മാസങ്ങള്‍ക്ക് മുമ്പെ പദ്ധതിയിട്ടു

Posted on: February 6, 2014 10:10 am | Last updated: February 6, 2014 at 10:10 am

പെരിന്തല്‍മണ്ണ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഇലവുങ്കല്‍ മാത്യു അബ്രഹാം എന്ന തങ്കച്ചനെ(48) സി ഐ ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. ഭാര്യ മേരിയുടെ ജഡം വാനില്‍ കയറ്റി ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും വാന്‍ ഡ്രൈവര്‍ക്ക് സംശയം തോന്നിയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ടിപ്പര്‍വാന്‍ സംഭവദിവസം വീട്ടില്‍ കൊണ്ടുവരാന്‍ തങ്കച്ചന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് രാവിലെ തന്നെ ഡ്രൈവര്‍ വാനുമായി വീട്ടിലെത്തി. അര്‍ദ്ധരാത്രി കഴിഞ്ഞ് ഒരു ട്രിപ്പുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് എന്തോ പന്തികേട് തോന്നി. മറ്റെന്തോ കാരണം പറഞ്ഞ് ഡ്രൈവര്‍ സ്ഥലംവിടുകയായിരുന്നു.
മേരിയെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച രണ്ടു കരിങ്കല്‍ കഷണങ്ങളും അടിക്കാനുപയോഗിച്ച മരവടിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട മേരിയുടെ കീറിപ്പറിഞ്ഞ വസ്ത്രാവശിഷ്ടങ്ങളും പിടിവലിക്കിടയില്‍ അഴിഞ്ഞുപോയ പാവാടയും സംഭവസ്ഥലത്ത് കിടപ്പുണ്ടായിരുന്നു. മേരിയുടെ തലമുടി ഒരു മരത്തിന്റെ വേരില്‍ ചുറ്റിക്കിടന്ന നിലയിലും കണ്ടെടുത്തു. കൃത്യം നടത്തിയതെങ്ങിനെയെന്ന് പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് സംഭവസ്ഥലത്ത് നൂറുകണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. ക്ഷുഭിതരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. മാസങ്ങള്‍ക്കു മുമ്പേ ആസൂത്രണം ചെയ്തതനുസരിച്ചാണ് കഴിഞ്ഞ 24ന് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. 24ന് വൈകിട്ട് നാലോടെ വെള്ളില കടുക്കാസിറ്റി കുന്നിന്‍മുകളിലേക്ക് ഭാര്യയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം മാരകമായി പരുക്കേല്‍പ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസിനോട് സമ്മതിച്ചത്. സി.ഐക്കു പുറമെ എസ്.ഐമാരായ പ്രദീപ്കുമാര്‍, സുരേന്ദ്രന്‍, കെ.പി.സെയ്ത്, സി.പി.ഒമാരായ ഫിറോസ്ഖാന്‍, ഷാഹുല്‍ ഹമീദ്, അബ്ദുള്‍ജബ്ബാര്‍, സജീവ് എന്നിവരാണ് തെളിവെടുപ്പ് നടത്തിയ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 19 വരെ റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പിനു പുറമെ, കൊലപ്പെടുത്താന്‍ വശീകരിച്ചു കൊണ്ടുപോയതിന് 364 വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.