Connect with us

Ongoing News

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധം വേണം: നിയമസഭാ സമിതി

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയിലും പമ്പയിലും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധം ഏര്‍പ്പെടുത്തണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശ.
തീര്‍ഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തിരിച്ചുകൊണ്ടുപോകാന്‍ അവരെ പ്രേരിപ്പിക്കണം. ശബരിമലയിലും പരിസരത്തും പ്രവര്‍ത്തിക്കുന്ന കടകള്‍ പ്ലാസ്റ്റിക് കവറുകള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണം. പ്ലാസ്റ്റിക് നിരോധം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ വീഡിയോ ക്ലിപ്പിംഗ്‌സും ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കണമെന്നും സി പി മുഹമ്മദ് അധ്യക്ഷനായ സഭാസമിതി നിര്‍ദേശിച്ചു. ശുദ്ധജല സ്രോതസ്സുകളില്‍ നിന്ന് കുഴലുകളും ടാപ്പുകളും വഴി പമ്പയിലും സന്നിധാനത്തും ശുദ്ധമായ കുടിവെള്ളം ഭക്തര്‍ക്ക് ആവശ്യാനുസണം ലഭിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. ശുദ്ധജല വിതരണം അട്ടിമറിക്കാന്‍ കുപ്പിവെള്ള വിതരണ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു. പമ്പയിലും ശബരിമലയിലും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആവാസ വ്യവസ്ഥക്ക് മുന്‍ തൂക്കം നല്‍കിയുള്ളതായിരിക്കണം.
ശബരിമല സീറോ വേസ്റ്റ് എന്ന പദ്ധതി അനുവദിച്ച അഞ്ച് കോടി രൂപ ഫലപ്രദമായി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്താനും സമിതി ശിപാര്‍ശ ചെയ്തു. വൃത്തിയുള്ള ടോയ്‌ലറ്റ് സംവിധാനവും തിര്‍ഥാടകര്‍ക്കായി വിശ്രമ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. പുണ്യ സ്ഥലമായതിനാല്‍ മാലിന്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും പരിസരത്ത് ഉപേക്ഷിക്കാന്‍ പിടില്ലെന്ന് തീര്‍ഥാടകരില്‍ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തണം. പമ്പയില്‍ തോര്‍ത്ത് മുണ്ട് ഉപേക്ഷിക്കുന്ന തരത്തിലൊരു ആചാരവും നിലവിലില്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇതിനായി ഗ്രീന്‍ സേനയെ നിയോഗിക്കണം.
ഗ്രീന്‍ സേനാംഗങ്ങള്‍ ഭക്തരെ മാലിന്യവും പ്ലാസ്റ്റിക്കും പരിസരത്ത് വലിച്ചെറിയുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കണം. പമ്പയിലെ ജലം ശുദ്ധീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
സി പി മുഹമ്മദിന് പുറമെ സമിതിയിലെ അംഗങ്ങളായ പി സി വിഷ്ണുനാഥ്, എ എം ആരിഫ്, അഹ്മദ് കബിര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest