Connect with us

Articles

ഇന്ത്യക്കകത്തെ വര്‍ണവെറികള്‍

Published

|

Last Updated

അവന്റെ മുടി മുകളിലേക്ക് ഉയര്‍ന്ന് തീജ്വാലകള്‍ പോലെയായിരുന്നു. അവന്റെ മൂക്ക് അല്‍പ്പം പതിഞ്ഞുകൊണ്ടായിരുന്നു. അവന്റെ കണ്ണുകളില്‍ വിഷാദ ഭാവം നിഴലിച്ചിരുന്നു. അവന് മീശ മുളച്ചോ എന്നറിയില്ല. അവന്റെ സംസാരശൈലി സാദാ ഉത്തരേന്ത്യന്‍ രീതിയിലല്ലായിരുന്നു. അവനെ കണ്ടാല്‍ തന്നെ മംഗോളിയന്‍(മംഗളോയ്ഡ്) അല്ലെങ്കില്‍ ചൈനക്കാരനാണെന്നു തോന്നിയതു കൊണ്ട് തെക്കേ ഡല്‍ഹിയിലെ ലജ്പത് നഗറിലെ ആ പെട്ടിക്കടക്കാരന്‍ അവനെ രൂക്ഷമായി കളിയാക്കി. ചിങ്കി എന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ഡല്‍ഹിയില്‍ കളിയാക്കി വിളിക്കുന്നത്. ആ പത്തൊമ്പത് വയസ്സുകാരന് ആ ചീഞ്ഞ പരിഹാസം സഹിക്കാനായില്ല. അവന്‍ ആ പെട്ടിക്കടയിലെ മേശപ്പുറം അടിച്ചു പൊട്ടിച്ചു. ബഹളം വര്‍ധിച്ചപ്പോള്‍ പെട്ടിക്കടക്കാരന് വന്ന നാശം കണക്കിലെടുത്ത് 7,000 രൂപ അവന്റെ കീശയില്‍ നിന്നെടുത്തു കൊടുത്തു. എന്നിട്ടും പെട്ടിക്കടക്കാരന്‍ കിട്ടാവുന്ന ഗുണ്ടകളെ മുഴുവന്‍ വിളിച്ചുകൂട്ടി അവനെ വടി കൊണ്ട് തല്ലിയും ചവിട്ടിക്കൂട്ടിയും ക്രൂരമായി കൊലപ്പെടുത്തി. അവന്റെ പേര് നിഡോ താനിയാന്‍. അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഒരു എം എല്‍ എയുടെ മകനാണവന്‍. പഞ്ചാബിലെ ജലന്ധറില്‍ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ഥിയായിരുന്ന നിഡോ താനിയാന്‍, അവധിക്കാലം ചെലവഴിക്കാന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കുകയായിരുന്നു. ലജ്പത് നഗറിലെ ആ പെട്ടിക്കടയില്‍, തനിക്ക് പോകേണ്ടിടത്തേക്കുള്ള വഴി ചോദിക്കുക എന്ന കുറ്റം മാത്രമാണവന്‍ ചെയ്തത്. അരുണാചല്‍ പ്രദേശിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ പാര്‍ലിമെന്ററി സെക്രട്ടറി കൂടിയായ നിഡോ പവിത്രയുടെ മകന്‍ ഉത്തരേന്ത്യന്‍ ഹുങ്കിന്റെ അഥവാ നഗര ഖാപ് പഞ്ചായത്തിന്റെ വര്‍ണവെറിക്ക് ഇരയായി കൊല ചെയ്യപ്പെട്ടു.
എവിടേക്കാണ് ഇന്ത്യ പോകുന്നത്? വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരായ നഗ്നമായ വര്‍ണവെറിയാണ് ഡല്‍ഹിയിലരങ്ങേറുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. “ഞങ്ങള്‍ക്ക് താമസിക്കാന്‍ വീട് കിട്ടാനില്ല; തെരുവില്‍ കളിയാക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോഴിതാ തച്ചുകൊല്ലപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ഇന്ത്യക്കാരല്ലേ? ആരുടെതാണ് ഇന്ത്യ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കേന്ദ്ര ഭരണാധികാരികള്‍ക്കും ഡല്‍ഹി ഭരണാധികാരികള്‍ക്കും ഈ രണ്ടിടത്തും അധികാരം പിടിക്കാനിരിക്കുന്നവര്‍ക്കും നേരം വെളുപ്പിക്കാനാകുമോ?
വടക്കുകിഴക്കുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും അവഗണിക്കപ്പെട്ടവയും മുഖ്യധാരയില്‍ നിന്ന് ഏറെ അകന്നു നില്‍ക്കുന്നവയുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ദേശീയ തലസ്ഥാന നഗരിയിലാണ് മതേതരത്വത്തിനും സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും കടകവിരുദ്ധമായ ആക്രമണം നടന്നിരിക്കുന്നത്. ആര്യന്‍ മുഖ/ശരീര രീതിയുള്ളവരാണ് മുഖ്യധാരാ ഇന്ത്യക്കാര്‍ എന്ന ധാരണയാണ് ഇത്തരം പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും കാരണമാകുന്നത്. ഹിന്ദി ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുക എന്നതും ആക്രമിക്കപ്പെടാതിരിക്കാനുള്ള മുന്നുപാധിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെല്ലാം നിരക്ഷരരാണെന്നും കാട്ടുവാസികളാണെന്നും മൃഗതുല്യരായി ജീവിക്കുന്നവരാണെന്നുമുള്ള ധാരണയാണ് ഡല്‍ഹിക്കാര്‍ക്കുള്ളതെന്നു തോന്നുന്നു. ബി ജെ പിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതൃത്വങ്ങള്‍ ഈ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകഴിഞ്ഞു. എഴുനൂറോളം പ്രതിഷേധക്കാര്‍ പങ്കെടുത്ത ഒരു ധര്‍ണ ലജ്പത് നഗര്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കുകയുണ്ടായി. “വെറുപ്പിന്റെ കുറ്റകൃത്യം തടയുക” എന്നതായിരുന്നു മുദ്രാവാക്യം. ലജ്പത് നഗര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഖിഡ്ക്കിയിലാണ് ആം ആദ്മി മന്ത്രി സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യുവതികള്‍ക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ലജ്പത് നഗര്‍, ഗ്രീന്‍ പാര്‍ക്ക്, സഫ്ദര്‍ജംഗ് മാര്‍ഗ് തുടങ്ങിയ തെക്കന്‍ ഡല്‍ഹി പ്രദേശങ്ങളൊക്കെ തന്നെയും പണക്കാരും മധ്യവര്‍ഗക്കാരും താമസിക്കുന്ന സ്ഥലങ്ങളാണ്. ബട്‌ല ഹൗസ് പോലെയോ പുരാണ ഡല്‍ഹി പോലെയോ പാവങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളല്ല ഇവയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ജാതി, കുലം, ലിംഗം, വര്‍ഗം, പ്രദേശം, ഭാഷ, മതം എന്നിങ്ങനെയുള്ള എല്ലാ വൈജാത്യങ്ങള്‍ക്കുമുപരിയായി നമ്മളും നമ്മളും ഇന്ത്യക്കാരാണെന്ന് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാകുന്ന ഒരു റിപ്പബ്ലിക്കായിരുന്നു ഇന്ത്യ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ടത്. അതിന്ന് എവിടെ ചെന്നെത്തി നില്‍ക്കുന്നു? നമ്മുടെ ആധുനിക സമൂഹ നിര്‍മിതിയും രാഷ്ട്ര നിര്‍മാണവും എല്ലാം പിഴച്ചു പോയോ? ജ്യോതിബ ഫൂലെയുടെയും അംബേദ്ക്കറിന്റെയും ടാഗൂറിന്റെയും പെരിയോറിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യ ഇങ്ങനെ തന്നെയായിരിക്കുമോ ഇനിയുള്ള നാളുകളിലും? 1873ല്‍ അടിമത്തത്തിനെതിരായി ഗുലാംഗിരി എന്ന ഗംഭീരമായ പുസ്തകം എഴുതിയപ്പോള്‍ ജ്യോതിബ ഫൂലെ അത് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കാണ് സമര്‍പ്പിച്ചിരുന്നത്. ആ ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, അരികുകളിലുള്ള ജനതകള്‍ക്ക് ചരിത്രങ്ങളും സംസ്‌കാരങ്ങളും ഇല്ല എന്നാണോ മുഖ്യധാര കരുതിപ്പോരുന്നത്? അരുണാചല്‍ പ്രദേശിലും മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും അസമിലും സിക്കിമിലും നാഗാലാന്‍ഡിലും മേഘാലയയിലും ഉള്ള മനുഷ്യര്‍ക്ക് ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മിത്തുകളും പുരാണങ്ങളും ദൈവങ്ങളും വിശ്വാസങ്ങളും മര്യാദകളും വേഷങ്ങളും ഭക്ഷണങ്ങളും ബന്ധങ്ങളും ഒന്നും ഇല്ലേ? അവയുടെ സവിശേഷതകള്‍ എപ്പോഴും പരിഹസിക്കപ്പെടാനുള്ളതാണോ?
2012ലായിരുന്നു ബംഗളൂരു അടക്കമുള്ള തെക്കേ ഇന്ത്യയിലെയും മറ്റും നഗരങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വടക്കുകിഴക്കെ ഇന്ത്യക്കാര്‍ കൂട്ടപ്പലായനം നടത്തിയത്. അവരുടെ പേടിയകറ്റുന്നതിനു പകരം പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ചിലര്‍ കൂടുതല്‍ തുല്യരാണെന്നു പറയുമ്പോലെയാണ് കാര്യങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലെമ്പാടും നിരന്തരം ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണ്. സദാചാര പോലീസുകാരും അവരെ വെറുതെ വിടുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നു, വ്യഭിചരിക്കുന്നു, നാട്ടുകാരെപ്പോലെ വസ്ത്രം ധരിക്കുന്നില്ല എന്നീ “കുറ്റങ്ങളും” അവര്‍ക്കു മേല്‍ ആരോപിക്കപ്പെടുന്നത് സാധാരണമാണ്. അവര്‍ക്ക് മാന്യമായ വാസസ്ഥലം കിട്ടുന്നതു തന്നെ പ്രയാസമാണ്. പോലീസില്‍ അവര്‍ക്ക് വിശ്വാസം തന്നെയില്ലാത്തതു കൊണ്ട് മിക്കവാറും പരാതികള്‍ ഉന്നയിക്കപ്പെടാതെ പോകുകയാണ് പതിവ്. കാക്കി ധരിച്ചവര്‍ക്ക് ഇഷ്ടം പോലെ ബലാത്സംഗവും കൊലയും നടത്തുന്നതിനുതകുന്ന “എ എഫ് എസ് പി എ 1958” പോലുള്ള നിയമങ്ങളുടെ പരിധിയിലാണ് മിക്കവാറും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. അവിടങ്ങളിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാനേ ആകില്ല. ഈ ദുരിതക്കടല്‍ താണ്ടിയാണ് സ്വല്‍പ്പം ആശ്വാസവും പിന്നെ ജീവിക്കാനുള്ള കൂലിയും പ്രതീക്ഷിച്ച് ആ പാവങ്ങള്‍ മുഖ്യധാരാ ഇന്ത്യയിലേക്ക് വരുന്നത്. അവരോട് ഇത്തരം ക്രൂര സമീപനങ്ങളാണ് ദിനം തോറും പ്രകടിപ്പിക്കുന്നതെങ്കില്‍ അവരില്‍ ഇന്ത്യാവിരുദ്ധ വികാരം വളരുന്നതില്‍ അത്ഭുതപ്പെട്ടിട്ടു കാര്യമുണ്ടോ? ഇറോം ശര്‍മിളയുടെ നിരാഹാരം ഇപ്പോഴും തുടരുകയാണ്. ജന്തര്‍മന്തറിലെയും ഇന്ത്യാ ഗേറ്റിലെയും കൊട്ടിഘോഷിക്കപ്പെട്ട സമരക്കാര്‍ എന്തു കൊണ്ട് ഇറോം ശര്‍മിളയുടെ ആവശ്യങ്ങളും ന്യായമാണെന്നു പറയുന്നില്ല. ഏത് പൊതുബോധമാണ് മുഖ്യധാരാ ഇന്ത്യയെ മുന്നോട്ട്(പിന്നോട്ട്) നയിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മണിപ്പൂരിലെ അസം റൈഫിള്‍സ് ആസ്ഥാനമന്ദിരത്തിനു മുമ്പിലാണ് ഇന്ത്യ കണ്ടിട്ടില്ലാത്ത ആ സമരമുറ അരങ്ങേറിയത്. പരിപൂര്‍ണ നഗ്നരായ അമ്മമാരും അമ്മമ്മമാരും “ഇന്ത്യന്‍ പട്ടാളമേ ഞങ്ങളെ ബലാത്സംഗം ചെയ്യുവിന്‍” എന്ന ബാനറും ഉയര്‍ത്തി ധര്‍ണ നടത്തിയത് ആര്‍ക്കെങ്കിലും മറക്കാനാകുമോ?
Reference: Cultural Fascism and the Death of the Republic
Written by N Sukumar and Shailaja Menon
Published on 01 February 2014 in Roundtable India

 

gpramachandran@gmail.com