തൊഴില്‍ തര്‍ക്ക കേസുകള്‍ക്ക് പുതിയ കോടതി സമുച്ഛയം

Posted on: February 5, 2014 5:56 pm | Last updated: February 5, 2014 at 5:56 pm

ദുബൈ: തൊഴില്‍ മന്ത്രാലയത്തില്‍ തീര്‍പ്പാക്കാതെ ദുബൈ കോടതിയിലേക്കു മാറ്റുന്ന തൊഴില്‍ തര്‍ക്ക കേസുകള്‍ക്കായി പുതിയ കോടതി സമുച്ഛയം നിര്‍മിക്കാന്‍ ആലോചിക്കുന്നതായി അധികൃതര്‍.
ദുബൈയിലെ അല്‍ മുഹൈസ്‌ന ഒന്നിലെ ലേബര്‍ ക്യാമ്പുകള്‍ക്ക് സമീപമാണ് പുതിയ കോടതി സമുച്ചയം നിര്‍മിക്കുക. ജബല്‍ അലി ഫ്രീസോണിലും എമിഗ്രേഷന്‍ വിസയിലും ഉള്ളവരും തൊഴില്‍ മന്ത്രാലയവുമായി ബന്ധമില്ലാത്തവരുടെ തൊഴില്‍ തര്‍ക്കങ്ങളും പുതിയ കോടതി സമുച്ചയത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ഈ വര്‍ഷാവസാനത്തോടെ പുതിയ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ ഒരു ഓഫീസും പുതിയ സമുച്ചയത്തിലുണ്ടാകും.
ബന്ധപ്പെട്ട കോടതികളിലേക്ക് തൊഴില്‍ തര്‍ക്ക കേസുകള്‍ മാറ്റുന്നതിനു മുമ്പ് പരസ്പര ധാരണയോടെ തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള ഒരു ലേബര്‍ ഫോറം രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
ദുബൈ കോടതിയിലെ തൊഴില്‍ തര്‍ക്ക കേസുകളുടെ വിഭാഗം തലവന്‍ ഹമദ് അബ്ദുല്ല അലിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം 64,00 തൊഴില്‍ തര്‍ക്ക കേസുകള്‍ കൈകാര്യം ചെയ്തതായും ഹമദ് അബ്ദുല്ല പറഞ്ഞു.