അഴിമതി തടയുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് പ്രതിമാസ ശമ്പളം ഏര്‍പ്പെടുത്തണം: നാരായണ മൂര്‍ത്തി

Posted on: February 5, 2014 11:34 am | Last updated: February 5, 2014 at 11:34 am

narayana moorthyപനാജി: അഴിമതി തടയുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് പ്രതിമാസ ശമ്പളം ഏര്‍പ്പെടുത്തണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി. ഗോവയിലെ പനാജിയില്‍ ഡി.ഡി കൊസാംബി ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ നിര്‍വ്വഹിക്കുന്ന കാഠിന്യമേറിയ കാര്യങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കിയില്ലെങ്കില്‍ നാമവരെ അരുതാത്ത കാര്യങ്ങളിലേക്ക് നയിക്കുന്നതാവും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഐ.ടി സ്ഥാപനത്തില്‍ വലിയ ശമ്പളമുള്ള ഉദ്യോഗം ഉപേക്ഷിച്ച് എം.പിയാവാന്‍ ഇറങ്ങിത്തിരിച്ച ഒരാളുടെ കഥയും മൂര്‍ത്തി വിവരിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുകയാണ് അയാളിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ് ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം, നിരന്തരം യാത്രകള്‍, കഠിനാധ്വാനം എന്നാല്‍ ഇതിനൊന്നും അര്‍ഹമായിട്ടുള്ള പ്രതിഫലം ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും മാര്‍ത്തി പറഞ്ഞു.