Connect with us

Kerala

മണ്ണാര്‍ക്കാട് കൊലപാതകത്തിന് പിന്നില്‍ ഇ കെ വിഭാഗം: ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മണ്ണാര്‍ക്കാട് രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇ കെ വിഭാഗം സുന്നികളാണെന്നും അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നതെന്നും കെ വി വിജയദാസിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് രാത്രി ഒന്‍പത് മണിയോടെയാണ് കല്ലാംകുഴിയില്‍ വെച്ച് സുന്നി പ്രവര്‍ത്തകരായ ഹംസ, നൂറുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തിയത്. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കേസന്വേഷണം മണ്ണാര്‍ക്കാട് സി ഐയില്‍ നിന്ന് മാറ്റി ഷൊര്‍ണൂര്‍ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയത്.
കേസില്‍ ഒന്നാം പ്രതിയായ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് റഷീദിനെയും ബാവുട്ടി, ഷിഹാബ്, മുസ്തഫ, അമീര്‍, സലീം, സൈതലവി, താജുദ്ദീന്‍, ഷാഫിര്‍, ഇസ്മഈല്‍, സുലൈമാന്‍, അബ്ദുല്‍ ജലീല്‍, നൗഷാദ്, നിജാസ്, ഷമീം, ഹംസ ചീരത്ത്, നാസര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇരട്ടക്കൊലപാതകം നടന്ന് മാസങ്ങളായിട്ടും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് സബ്മിഷന്‍ അവതരിപ്പിച്ച കെ വി വിജയദാസ് ചൂണ്ടിക്കാട്ടി. പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് ഇതിന് കാരണം. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.