Connect with us

Kerala

ജനങ്ങള്‍ മൂന്നാം ബദലിന് കാത്തിരിക്കുന്നു: ദേവെ ഗൗഡ

Published

|

Last Updated

പാലക്കാട്: ഇന്ത്യയിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെയുള്ള മൂന്നാംബദലിനായി കാത്തിരിക്കുകയാണെന്ന് മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവെ ഗൗഡ. സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ (എസ്) ലയന സമ്മേളനം കോട്ട മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലത്തേതുപോലെ കോണ്‍ഗ്രസിനെ ഒരിക്കല്‍കൂടി തൂത്തെറിയാന്‍ സമയമായിരിക്കുന്നു. എട്ട് വര്‍ഷത്തെ എന്‍ ഡി എ ഭരണവും 10 വര്‍ഷത്തെ യു പി എ ഭരണവും വൃത്തികെട്ടതും വികലവുമായ ദുരന്തങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനും ബി ജെ പി്ക്കും കഴിയില്ലെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. ദേശീയതലത്തില്‍ ബദല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുമായാണ് മുന്നാം ബദല്‍ മുന്നോട്ട് പോകുന്നത്. പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. കര്‍ഷകര്‍ വളരെയേറെ കഷ്ടപ്പാടിലാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കേന്ദ്ര ഭരണകൂടങ്ങള്‍ നിരന്തരം പരാജയപ്പെടുകയാണ്. മൂന്നാം ബദലില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് സൗജന്യ വൈദ്യുതി, ഭക്ഷണം, പലിശരഹിത വായ്പ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ജനം സ്വീകരിച്ചില്ല. ഇനിയും വഞ്ചനക്ക് നിന്നുകൊടുക്കാനാകില്ലെന്നാണ് അവിടങ്ങളിലെ കര്‍ഷകര്‍ തീരുമാനിച്ചത്. മൂന്നാം മുന്നണി യാഥാര്‍ഥ്യമാക്കാനായി തങ്ങള്‍ നാളെ ഡല്‍ഹിയില്‍ സമ്മേളിക്കുകയാണ്. അതിലൂടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പുതിയൊരു രാഷ്ട്രീയ ശക്തി ദേശീയതലത്തില്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും – ദേവെ ഗൗഡ പറഞ്ഞു.
കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ, സി കെ നാണു എം എല്‍ എ, ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, എം കെ പ്രേംനാഥ്, പ്രൊഫ എന്‍ എം ജോസഫ്, സി കെ ഗോപി, ആര്‍ മുഹമ്മദ് ഷാ, ഇ പി ദാമോദരന്‍, സി മുഹ്‌സിന്‍, പ്രൊഫ. ജയലക്ഷ്മി, കായിക്കര ഷംസുദ്ദീന്‍, നിസാര്‍ അഹ്മദ്, വി മുരുകദാസ് സംസാരിച്ചു.

Latest