Connect with us

Kerala

ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതം: ചിറ്റിലപ്പിള്ളി

Published

|

Last Updated

കൊച്ചി: തന്റെ വീടിന് മുന്നില്‍ ജസീറ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. അടുത്തിടെയുണ്ടായ ജസീറയുടെ എല്ലാ നീക്കങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയമുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 21നാണ് ജസീറക്ക് താന്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത്. ജസീറയുടെ കൂടി സമ്മതത്തോടെയാണ് ജനുവരി 24ന് തിരുവനന്തപുരത്ത് എല്‍ ഡി എഫ് വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയോടൊപ്പം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്. ചടങ്ങില്‍ പങ്കെടുക്കാമെന്നും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മാനേജരെ ജസീറ അറിയിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പ്രേരണയാല്‍ സന്ധ്യയോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ജസീറ ചടങ്ങില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. ഒരിക്കല്‍ പണം നിരസിച്ചതിനാല്‍ ജസീറക്ക് നേരിട്ട് പണം നല്‍കില്ല. പക്ഷേ അവരുടെ കുട്ടികളുടെ പേരില്‍ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ ബേങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ ഒരുക്കമാണെന്നും ചിറ്റിലപ്പിള്ളി അറിയിച്ചു.
രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങള്‍ക്കായി തന്റെ പണം വിനിയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സമ്മതിക്കില്ലെന്നും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തനിക്ക് സ്വാതന്ത്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസീറയുടെ സമരത്തെ താന്‍ എതിര്‍ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. കുട്ടികളുടെ ഭാവി ഓര്‍ത്തെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് തനിക്ക് ജസീറയോട് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest