തമിഴ് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റിനെതിരെ ജയലളിത

Posted on: February 5, 2014 1:24 am | Last updated: February 5, 2014 at 1:24 am

jayalalitha1ചെന്നൈ: തമിഴ്‌നാട്ടുകാരായ മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവിക സേന തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ശക്തമായി പ്രതികരിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തിലാണ് ജയലളിത ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളില്‍ നിന്നുള്ള 19 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തതാണ് ഇതുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവം. ഇവരുടെ അഞ്ച് ബോട്ടുകളും ലങ്കന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിരന്തരമായ നടപടികള്‍ ശ്രീലങ്കന്‍ സര്‍ക്കാറിനോടുള്ള മനോഭാവത്തില്‍ ഇടിവ് വരുത്തും. ഇതിനെതിരെ യുക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാറിനോടുമുള്ള മത്സ്യബന്ധന തൊഴിലാളികളുടെ മാനസികാവസ്ഥയും എതിരാകും. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലങ്കന്‍ സേന ഇതിന് മുതിരുന്നതെന്ന് വിശ്വസിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.