ശവം ചീഞ്ഞുനാറുന്നു; അല്‍വത്ത്ബ നിവാസികള്‍ക്ക് തീരാദുരിതം

Posted on: February 4, 2014 6:25 pm | Last updated: February 4, 2014 at 6:25 pm

ssssഅബുദാബി: ശവം ചീഞ്ഞുനാറുന്നതിനാല്‍ അല്‍ വത്ത്ബ നിവാസികള്‍ തീരാദുരിതത്തില്‍. ഫാമുകളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ആട്, ഒട്ടകം, ചെമ്മരിയാട് തുടങ്ങിയവയുടെ ശവങ്ങളാണ് ഈ മേഖലയില്‍ തുറസായ സ്ഥലത്ത് ചീഞ്ഞുനാറുന്നത്. ഇവയില്‍ നിന്നും ദുര്‍ഗന്ധത്തിനൊപ്പം നിരവധി രോഗങ്ങളും പടര്‍ന്നേക്കാമെന്ന ആശങ്കയിലാണ് പ്രദേശത്തോട് ചേര്‍ന്നു താമസിക്കുന്നവര്‍.

അബുദാബി-അല്‍ ഐന്‍ ട്രക്ക് റോഡിനോട് ചേര്‍ന്ന അല്‍ റസീന്‍ സ്ട്രീറ്റിലാണ് മൃഗങ്ങളുടെ ശവങ്ങള്‍ അനാഥമായി കിടക്കുന്നത്. ഇവിടെ ഏതാനും ആഴ്ചയായി മാലിന്യം ശേഖരിക്കുന്ന വണ്ടികള്‍ എത്തുന്നില്ലെന്നും പരാതിയുണ്ട്. മാലിന്യ വണ്ടികള്‍ പതിവായി വന്ന സമയത്തും ചത്ത മൃഗങ്ങളെ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്നതാണ് പ്രദേശത്ത് ദുര്‍ഗന്ധം പരക്കാന്‍ ഇടയാക്കുന്നതെന്നാണ് താമസക്കാര്‍ പറയുന്നത്. മാലിന്യം ശേഖരിക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ നിലപാടില്‍ പ്രദേശത്തെ കൃഷിക്കാരും ഒട്ടകങ്ങളെ വളര്‍ത്തുന്നവരും രോഷകുലരാണ്.
കഴിഞ്ഞ കുറേ ആഴ്ചകളായി മാലിന്യവണ്ടികള്‍ വരുന്നേയില്ലെന്ന് സ്വദേശിയായ അഹമ്മദ് അല്‍ മിന്‍ഹാലി വ്യക്തമാക്കി. ചത്ത മൃഗങ്ങളെ റോഡരുകില്‍ അലക്ഷ്യമായി ഇട്ടിരിക്കയാണ്. ഒട്ടകങ്ങളെ വളര്‍ത്തുന്നവര്‍ക്ക് മാത്രമല്ല, താമസക്കാര്‍ക്ക് മൊത്തത്തില്‍ ജീവിതം ദുസ്സഹമായിരിക്കയാണെന്നും മേഖലയില്‍ കൃഷിയിടമുള്ള അദ്ദേഹം പറഞ്ഞു.
18 മൃഗങ്ങളുടെ ശവശരീരങ്ങളാണ് അല്‍ റസീന്‍ സ്ട്രീറ്റില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതിന് പുറമേ ഈ റോഡിന്റെ മറ്റ് ഭാഗങ്ങളിലും ചത്ത മൃഗങ്ങളെ ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കാണാനാവും. ചെമ്മരിയാടുകളും ഒട്ടകവും ആടുകളും ഉള്‍പ്പെട്ടവയെ വളര്‍ത്തുന്ന 300 ഓളം ഫാമുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ശവങ്ങളില്‍ നിന്നുള്ള രോഗബാധയാല്‍ പല ഫാമുകളിലും മൃഗങ്ങള്‍ ചാവുന്നുണ്ട്. മൃഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാണുമ്പോഴേക്കും ചികിത്സ ലഭ്യമാക്കുകയാണ്. ആര്‍ക്കാണ് സ്വന്തം ഒട്ടകം ചാവുന്നത് കണ്ടുനില്‍ക്കാനാവുകയെന്നും അല്‍ മിന്‍ഹാലി ചോദിക്കുന്നു.
ഫാമുകളില്‍ ചാവുന്ന മൃഗങ്ങളെ കൊണ്ടിടാന്‍ പ്രത്യേകം മേഖല ഇല്ലാത്തതും ഇവയെ ശരിയായി സംസ്‌ക്കരിക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് പ്രദേശം ദുര്‍ഗന്ധപൂരിതമാവാന്‍ ഇടയാക്കുന്നതെന്ന് മറ്റൊരു ഫാം ഉടമയും വ്യക്തമാക്കി. ഇതിനായി യാതൊരു പരിഹാരവും ഉത്തരവാദപ്പെട്ട വെയ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ ചെയ്തിട്ടില്ല. മരുഭൂമിയില്‍ കുഴിച്ചിടാന്‍ അനുമതിയില്ലാത്തതിനാലാണ് റോഡരുകില്‍ കൂട്ടിയിടേണ്ടി വരുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു. ചത്തമൃഗങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണെന്ന് ഫാം സൂക്ഷിപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ കിനോ മിയാന്‍ പറഞ്ഞു. ഇതുവഴി പോകേണ്ടിവരുമ്പോള്‍ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. പുതുതായി മാലിന്യം നീക്കാന്‍ കരാര്‍ ഏറ്റെടുത്ത ആള്‍ക്ക് നേരിട്ട ചില പ്രശ്‌നങ്ങളാണ് മൃഗങ്ങളെ നീക്കുന്നതിന് താമസം നേരിടാന്‍ ഇടയാക്കുന്നതെന്ന് മേഖലയിലെ മാലിന്യ ശേഖരണത്തിന് ഉത്തരവാദപ്പെട്ട തദ്‌വീര്‍ അധികൃതര്‍ വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ നീക്കം ചെയ്യാന്‍ 32 ലോറികള്‍ പ്രത്യേകം സജ്ജമാക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. മാലിന്യ ശേഖരണത്തിന് നിലവിലെ രണ്ട് ഷിഫ്റ്റ് രീതിക്കു പകരം മൂന്നു ഷിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.