അനാഥാലയങ്ങളുടെ വിവരങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ ശേഖരിക്കുന്നു

Posted on: February 4, 2014 8:18 am | Last updated: February 4, 2014 at 8:18 am

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം ശേഖരിച്ചുതുടങ്ങി. മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ എസ് ശ്രീജിത്ത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനാഥാലയം നടത്തിപ്പുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ ചൂഷണം ചെയ്യുന്നതായും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിനും വിശദമായ വിവരശേഖരണത്തിനും നിര്‍ദേശം നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച വിവരം, സംഭാവനയായും മറ്റു വിധത്തിലും ലഭിക്കുന്ന പണത്തിന്റെ വിവരം, പണം കൈകാര്യം ചെയ്യുന്ന ബേങ്ക് അക്കൗണ്ടിന്റെ വിവരം, പണത്തിന്റെ വിനിയോഗം, കുട്ടികളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും, ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം, പ്രായപൂര്‍ത്തിയായ ശേഷം അനാഥാലയത്തില്‍ നിന്ന് പുറത്തുപോകുന്ന കുട്ടികളെ സംബന്ധിച്ച വിവരം തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഈ മാസം 20നകം വിവരങ്ങള്‍ ലഭ്യമാക്കണം.
വില്ലേജ് ഓഫീസര്‍മാരുടെയും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും സഹായത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. നിയമപരമായ രജിസ്‌ട്രേഷന്‍ എല്ലാ അനാഥാലയങ്ങള്‍ക്കും നിര്‍ബന്ധമാക്കും. ലൈംഗിക ചൂഷണം, അറബിക്കല്യാണം, മൈസൂര്‍ കല്യാണം എന്നിവ സംബന്ധിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വിവരശേഖരണത്തിനുശേഷം നടപടികളുണ്ടാകും. കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ചാര്‍ട്ടര്‍, യു എന്‍ ഉടമ്പടി, ഇതുവരെ ലഭിച്ച പരാതികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും നടപടികളുണ്ടാകുക. ജില്ലാ കലക്ടര്‍ സി എ ലത, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ മേനോന്‍ യോഗത്തില്‍ സംബന്ധിച്ചു.