ഷാര്‍ജയിലെ 25 വിദ്യാലയങ്ങളിലെ കുടിവെള്ളം മലിനമെന്ന് നഗരസഭ

Posted on: February 3, 2014 5:55 pm | Last updated: February 3, 2014 at 5:55 pm

ഷാര്‍ജ: പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 25 വിദ്യാലയങ്ങളിലെ കുടിവെള്ളം മലിനമെന്ന് ഷാര്‍ജ നഗരസഭ. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വെള്ളം രണ്ടു ദിവസത്തിനകം മാറ്റി ശുദ്ധജലം സംഭരിക്കണമെന്നും നഗരസഭ വിദ്യാലയ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ അഞ്ചു വിദ്യാലയങ്ങള്‍ ജലസംഭരണിയുടെ അറ്റകുറ്റ പണികള്‍ നടത്തുകയോ വെള്ളം ശുദ്ധമായി നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ വിദ്യാലയങ്ങളുടെ പട്ടിക ഷാര്‍ജ നഗരസഭ നല്‍കിയതായി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്ന ഷാര്‍ജ എജ്യുക്കേഷന്‍ സോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ആന്‍ഡ് പബ്ലിക് സ്‌കൂള്‍സ് ഡയറക്ടര്‍ ഹെസ്സ അല്‍ ഖജാഹ് വെളിപ്പെടുത്തി. ഈ വിദ്യാലയങ്ങളുമായി എജ്യുക്കേഷന്‍ സോണ്‍ ബന്ധപ്പെട്ടു വരികയാണ്. എത്രയും പെട്ടെന്ന് ജലസംഭരണികള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശുദ്ധജലം സംഭരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാലയങ്ങള്‍ പാലിച്ചോയെന്ന് ബോധ്യപ്പെടാന്‍ ഉദ്യോഗസ്ഥര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നഗരസഭയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നടപടി കൈകൊള്ളുന്നതില്‍ വീഴ്ചവരുത്തിയാല്‍ വിദ്യാലയങ്ങള്‍ക്കെതിരായി ഭീമമായ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ഓരോ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ അയക്കാറുണ്ട്. കുടിവെള്ളവും പൊതുശുചിത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകപ്പിഴകള്‍ സംഭവിക്കുന്നുണ്ടോയെന്ന് തുടര്‍ച്ചായി നിരീക്ഷിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത വിദ്യാലയങ്ങളെക്കുറിച്ച് ഷാര്‍ജ എജ്യുക്കേഷന്‍ ഡിസ്ട്രിക്ടിനെ അറിയിക്കാറുണ്ട്. പരിശോധനക്കായി എടുക്കുന്ന ജലം ഷാര്‍ജ സെന്‍ട്രല്‍ ലബോറട്ടറിയെയാണ് ഏല്‍പ്പിക്കാറ്. ഇവിടെ നിന്നും നല്‍കിയ ഫലത്തിലാണ് 25 വിദ്യാലയങ്ങളുടെ കുടിവെള്ളം മനുഷ്യര്‍ക്ക് കുടിക്കാന്‍ പറ്റുന്നതല്ലെന്ന് ബോധ്യപ്പെട്ടത്. വിദ്യാലയങ്ങള്‍ക്കെതിരായി പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ വിധിക്കുക എജ്യുക്കേഷന്‍ സോണുമായി ആലോചിച്ചായിരിക്കും.
ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ പതിവായി നഗരസഭാ ഉദ്യോഗസ്ഥര്‍ വിദ്യാലയങ്ങളില്‍ പരിശോധന നടത്താറുണ്ട്. ഓരോ സാമ്പിളിനും 600 ദിര്‍ഹമാണ് ഫീസ്. വാട്ടര്‍ ടാപ്പുകളുടെ പ്രവര്‍ത്തനം സുഗമമാണോയെന്നും പരിശോധിക്കാറുണ്ട്. പിഴ ഒഴിവാക്കാന്‍ ശുദ്ധജല സംഭരണിയും പൈപ്പും ടാപ്പും ഉള്‍പ്പെടെയുള്ളവ മാറ്റിസ്ഥാപിക്കാന്‍ വിദ്യാലയ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ഹെസ്സ അല്‍ ഖജാഹ് അഭ്യര്‍ഥിച്ചു.