16 പവനും 27,000 രൂപയും നഷ്ടപ്പെട്ടു

Posted on: February 3, 2014 12:54 pm | Last updated: February 3, 2014 at 12:54 pm

താമരശ്ശേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലിയുടെ വീട് കുത്തിത്തുറന്ന് മോഷണം. നെല്ലിപ്പൊയിലിലെ വീട്ടില്‍ ശനിയാഴ്ച രാത്രി എട്ടരക്കു മുമ്പായിരുന്നു സംഭവം. വൈകിട്ട് ആറുമണിയോടെ പള്ളിപ്പെരുന്നാളിനുപോയ വീട്ടുകാര്‍ എട്ടേ മുക്കാലോടെ തിരിച്ചെത്തുമ്പോഴേക്കും മോഷണം നടന്നിരുന്നു.
അലമാര കുത്തിത്തുറന്ന് ആന്റണിയുടെ മകന്റെ ഭാര്യയുടെ 16 പവന്‍ സ്വര്‍ണാഭരണവും ഇരുപത്തി ഏഴായിരം രൂപയും കവര്‍ന്നു. കവര്‍ച്ചക്കുപയോഗിച്ച പിക്കാസ്, ലുങ്കി എന്നിവ മുറിക്കുള്ളില്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
ആന്റണിയുടെ മകന്റെ ലുങ്കിയും തോര്‍ത്ത് മുണ്ടും റോഡരികിലെ ഗെയ്റ്റിന് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്. സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വീടിന് പിന്‍വശത്തും കിണറ്റിലും കണ്ടെത്തി.
സി ഐ. പി ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസും വടകരയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലുങ്കിയില്‍ മണം പിടിച്ച് പോലീസ് നായ അടുക്കള ഭാഗത്തേക്കും പിന്‍വശത്തെ റബര്‍ തോട്ടത്തിലേക്കും ഓടി. സമീപത്തെ വീടിന് പിന്നിലെത്തി തോട്ടത്തിലേക്ക് മുന്നൂറ് മീറ്ററോളം ഓടി നിന്നു. ഇതിന് സമീപത്തെ റോഡിലൂടെ മേഷ്ടാക്കള്‍ രക്ഷപ്പെട്ടെന്നാണ് സംശയം. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു.
തോട്ടുമുക്കം പുതുപ്പറമ്പില്‍ തോമസിന്റെ വീട്ടിലും ശനിയാഴ്ച രാത്രി മോഷണം നടന്നു. ഇവിടെയും വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്തായിരുന്നു കവര്‍ച്ച. രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും എണ്‍പതിനായിരം രൂപയും അപഹരിച്ചു.