കൈവരിയില്ലാത്ത ബാല്‍ക്കണി: അറിയിക്കണമെന്ന് അധികൃതര്‍

Posted on: February 2, 2014 7:01 pm | Last updated: February 2, 2014 at 7:16 pm

ദുബൈ: കൈവരിയില്ലാത്ത ബാല്‍ക്കണിയോ നീന്തല്‍ക്കുളമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ദുബൈ നഗരസഭയാണ് സുരക്ഷ ഉറപ്പാക്കാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ‘ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ നയിഫ്, ബര്‍ദുബൈ മേഖലകളില്‍ പതിവായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ചുറ്റിക്കറങ്ങാറുണ്ട്. ഇത് 100 ശതമാനം വിജയിക്കണമെന്നില്ലാത്തതിനാലാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുന്ന’തെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വിശദീകരിച്ചു. താമസ കെട്ടിടങ്ങളില്‍ കുട്ടികള്‍ ബാല്‍ക്കണിയിലൂടെ വീഴുന്നത് തടയാന്‍ ഗ്രില്‍ നിര്‍മിക്കണമെന്ന് കെട്ടിട ഉടമകളോട് മുമ്പേ ആവശ്യപ്പെട്ടതാണ്. ഇത്തരം സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കും.
താമസകെട്ടിടങ്ങളുടെ ബല്‍കണിക്കും നീന്തല്‍ക്കുളത്തിന് ചുറ്റും 90 സെന്റി മീറ്റര്‍ ഉയരത്തില്‍ കുട്ടികള്‍ അപദ്ധത്തില്‍ ചാടിപോകാതിരിക്കാന്‍ ഹാന്റ് റെയില്‍ സ്ഥാപിക്കാന്‍ കെട്ടിട ഉടമകളോടും നിര്‍മാണ കമ്പനികളോടും സെര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സുരക്ഷാ സജ്ജീകരണം ഒരുക്കാത്ത കെട്ടിടങ്ങള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡം പാലിക്കാതിരുന്നാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. നിയമം നടപ്പാക്കാത്ത കമ്പനികള്‍ക്കും സ്വകാര്യ കെട്ടിട ഉടമകള്‍ക്കും മൂന്നു തവണ താക്കീത് നല്‍കും. പിന്നീട് വെള്ളവും വെളിച്ചവും വിച്ഛേദിക്കും. പലപ്പോഴും ധാരാളം ആളുകള്‍ താമസിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ക്കെതിരേ ഇത്തരം നടപടി മാനുഷിക പരിഗണനവെച്ച് സ്വീകരിക്കാറില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് താമസക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നഗരസഭ ഇത്തരം നടപടി ആരംഭിച്ചത്. നഗരസഭയുടെ നീക്കം സുരക്ഷ ഉറപ്പാക്കാന്‍ ഉപകരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.