Connect with us

Gulf

പ്രിന്‍സ് ആല്‍ബേര്‍ട്ടിനും ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അശോക് ഖോസ്‌ലെക്കുംസായിദ് ഇന്റര്‍നാഷണല്‍ പ്രൈസ്‌

Published

|

Last Updated

ദുബൈ: രാജ്യാന്തരതലത്തില്‍ ഏറെ പ്രശസ്തമായ സായിദ് ഇന്റര്‍നാഷ്ണല്‍ പ്രൈസിന് മൊണോക്കയിലെ പ്രിന്‍സ് ആല്‍ബേര്‍ട്ട് രണ്ടാമതും ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. അശോക് ഖോസ്‌ലെയും ഉള്‍പ്പെടെ അഞ്ചു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ അര്‍ഹനായി. കടല്‍, ധ്രുവ പ്രദേശങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി നടത്തുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനം കണക്കിലെടുത്താണ് ഫ്രാന്‍സിനോട് ചേര്‍ന്നു മെഡിറ്ററെനിയന്‍ തീരത്തു സ്ഥിതിചെയ്യുന്ന നഗരമായ മൊണോക്കയുടെ ഭരണാധികാരി പ്രിന്‍സ് ആല്‍ബേര്‍ട്ടിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
അഞ്ചു ലക്ഷം യു എസ് ഡോളറാണ് സമ്മാനത്തുക. 2006ല്‍ സ്വന്തം പേരില്‍ സ്ഥാപിച്ച ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇദ്ദേഹം കടല്‍ പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ധ്രുവ പ്രദേശത്തെ മഞ്ഞുരുകുന്നതും ഈ മേഖലയിലെ കാലാവസ്ഥയില്‍ സംഭവിച്ച മാറ്റവും നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംരക്ഷണ ദൗത്യവുമായി ഇറങ്ങിത്തിരിച്ചത്. മേഖലയിലെ വംശനാശം നേരിടുന്ന മത്സ്യവര്‍ഗ്ഗമായ ബ്ലൂഫിന്‍ ടൂണകളെ സംരക്ഷിക്കുന്നതിലായിരുന്നു 2008ല്‍ ആല്‍ബേര്‍ട്ടിന്റെ ഏറ്റവും മാതൃകാകരമായ പ്രവര്‍ത്തനം.
ജൈവവൈവിധ്യവും വെള്ളത്തിന്റെ ലഭ്യതയും ഫലപ്രദമായ ഊര്‍ജ്ജ വിനിയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഫൗണ്ടേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ലോകത്തിന് മാതൃകയായെന്ന് ജൂറി വിലയിരുത്തി. സുസ്ഥിര വികസനം ഉറപ്പാക്കുന്ന 127 പദ്ധതികളാണ് പ്രിന്‍സ് ആല്‍ബേര്‍ട്ട് രണ്ട് ഫൗണ്ടേഷന്‍ നടത്തിയത്.
മെഡിറ്ററേനിയന്‍ തീരങ്ങള്‍, കെനിയ, മാലി, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാനം തടഞ്ഞുനിര്‍ത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായകങ്ങളും ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നു. പുനരുപയുക്ത ഊര്‍ജ്ജം, ജൈവവൈവിധ്യം ഉറപ്പാക്കല്‍, എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കുക, മരൂഭൂവല്‍ക്കരണത്തെ തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ഫൗണ്ടേഷന്‍ രാജ്യന്തര തലത്തില്‍ ഖ്യാതി നേടിയത്.
സായിദ് പ്രൈസിന്റെ രണ്ടാമത്തെ വിഭാഗമായ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക വിഭാഗത്തിലാണ് ഇന്ത്യക്കാരനായ ഡോ. അശോക് ഖോസ്‌ലയെ അവാര്‍ഡിന് അര്‍ഹനായത്. പരിസ്ഥിതി സൗഹൃദവും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് ഡോ. അശോകിന് മൂന്നു ലക്ഷം യു എസ് ഡോളര്‍ സമ്മാനതുകയുള്ള അവാര്‍ഡ് ലഭിച്ചത്.2005ലെ മില്ലീനിയം ഇക്കോസിസ്റ്റം അസസ്‌മെന്റ് റിപോര്‍ട്ടിന് മലേഷ്യക്കാരനായ ഡോ. സാക്കിര്‍ അബ്ദുല്‍ ഹമീദും രണ്ടാം വിഭാഗത്തില്‍ സമ്മാനത്തിന് അര്‍ഹനായി. ലോകത്ത് മനുഷ്യന്‍ നടത്തിയ ഇടപെടലിലൂടെ കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഒരു കാലത്തും സംഭവിക്കാത്ത നാശമാണ് പ്രകൃതിക്ക് നേരിട്ടതെന്ന് ഈ റിപോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍ കൊളമ്പിയയിലെ വിദേശകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസാമൂഹികപരിസ്ഥിതി വിഭാഗം ഡയറക്ടര്‍ പൗല കബേല്ലെറോ ഗോമസ് അവാര്‍ഡിന് അര്‍ഹയായി. റിയോ പ്ലസ് 20 സമ്മിറ്റിന് നല്‍കിയ മികച്ച പങ്കാളിത്തം കണക്കിലെടുത്താണ് രണ്ടു ലക്ഷം യു എസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡ്. ചതുപ്പുനില സംരക്ഷണത്തിന് മാതൃകാകരമായ പ്രവര്‍ത്തനം കാഴ്ചവെച്ച സ്വിറ്റ്‌സര്‍ളണ്ട് സ്വദേശിയായ പക്ഷിശാസ്ത്രജ്ഞന്‍ ഡോ. ലുക് ഹോഫ്മാനും ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹനായി.
സായിദ് ഇന്റര്‍നാഷ്ണല്‍ പ്രൈസ് മുഖ്യരക്ഷാധികാരിയും യു എ ഇ പൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. യു എ ഇ ജല-പരിസ്ഥിതി മന്ത്രി ഡോ. റാശിദ് ബിന്‍ ഫഹദ്, ജൂറി ചെയര്‍മാന്‍ ഡോ. ക്ലൗസ് ടോപ്‌ഫെര്‍, ഡോ. മൂഹമ്മദ് എ ബിന്‍ ഫഹദ്, ഡോ. മിശ്ഗാന്‍ അല്‍ അവാര്‍ പങ്കെടുത്തു.