ആര്‍ എസ് സി ബുക്ക്‌ടെസ്റ്റ് ഫെബ്രുവരി ഏഴിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: February 2, 2014 7:06 pm | Last updated: February 2, 2014 at 7:06 pm

ദമ്മാം: ‘മുത്ത് നബി വിളിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍ എസ് സി) ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തുന്ന ബുക്ക്‌ടെസ്റ്റിന്റെ ദമ്മാമിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സോണ്‍ നേതാക്കള്‍ അറിയിച്ചു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച ‘കാത്തിരുന്ന പ്രവാചകന്‍’ എന്ന പുസ്തകം ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ പരീക്ഷ നടക്കുന്നത്. പുസ്തകത്തോടൊപ്പം വിതരണം ചെയ്യുന്ന അമ്പത് ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കിയവരില്‍ നിന്നും 60% ശതമാനം സ്‌കോര്‍ നേടിയവരെയാണ് ഫെബ്രുവരി ഏഴിന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കുന്നത്. 1200 പേര്‍ക്ക് ഒന്നാം ഘട്ട മല്‍സരത്തിനായി ചോദ്യാവലിയും പുസ്തകവും വിതരണം ചെയ്തതായി ദമ്മാം സോണ്‍ ബുക്ക്‌ടെസ്റ്റ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് ചാപ്പനങ്ങാടി അറിയിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെ ഒന്നാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അമ്പത് ശതമാനത്തിലധികം പേര്‍ രണ്ടാം ഘട്ട പരീക്ഷക്ക് അര്‍ഹരായി. അല്‍ ദവാസിര്‍, ലേഡീസ്മാര്‍കറ്റ്, നഖീല്‍, ടൊയോട്ട, സ്റ്റേഡിയം, അമാംറ, റാക്ക, ഖലീജ്, ഖത്തീഫ് എന്നീ യൂണിറ്റുകളിലെ ഒമ്പത് പരീക്ഷാകേന്ദ്രങ്ങളില്‍ രണ്ടാം ഘട്ട പരീക്ഷ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാഷണല്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സ്വര്‍ണ്ണനാണയമാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ജി സി സി തലത്തിലുംസോണ്‍, സെക്ടര്‍തലങ്ങളിലും ആകര്‍ഷകമായ മറ്റു സമ്മാനങ്ങള്‍ നല്‍കും. സംഘാടക സമിതി യോഗത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദ്‌വി, ഹസന്‍ സഖാഫി ചിയ്യൂര്‍, ജഅ്ഫര്‍ സ്വാദിഖ് തൃശൂര്‍, അഷ്‌റഫ് ചാപ്പനങ്ങാടി, നൗഷാദ് വേങ്ങര, ശഫീഖ് ജൗഹരി എന്നിവര്‍ പങ്കെടുത്തു. ദമ്മാമിലെ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക: 0553820839, 0553718074, 0544877467.