Connect with us

Kerala

60 മെഗാവാട്ട് ശേഷി വര്‍ധിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതിയുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന അപകടങ്ങളൊഴിവാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. സുരക്ഷാ പ്രോട്ടോക്കോളും പെര്‍മിറ്റ് വര്‍ക്ക് സംവിധാനവും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ലാന്‍ഡ് മാനേജ്‌മെന്റ് യൂനിറ്റും സ്ഥാപിക്കും.
60 മെഗാവാട്ട് ശേഷിയുള്ള രണ്ട് പദ്ധതികളുടെ നിര്‍മാണത്തിന് യോഗം ഭരണാനുമതി നല്‍കി. ബ്രഹ്മപുരത്തെ രണ്ട് ഗ്യാസ് യൂനിറ്റുകളിലൂടെ 36 മെഗാവാട്ടും ഭൂതത്താന്‍ കെട്ട് പദ്ധതിയിലൂടെ 24 മെഗാവാട്ടുമാണ് ഇപ്പോഴത്തേതില്‍ നിന്നും അധികമായി ആസൂത്രണം ചെയ്യുന്നത്. വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള വനഭൂമി ഉള്‍പ്പടെയുള്ള ഭൂമിയുടെ അതിരുകള്‍ നിര്‍ണയിക്കുന്നതിനും വനേതര ഭൂസ്വത്തിന്റെ ഉടമസ്ഥാവകാശവും കൈവശരേഖകളും ഉറപ്പ് വരുത്തുന്നതിനും ബോര്‍ഡ് ആസ്ഥാനത്ത് ഒരു ലാന്‍ഡ് മാനേജ്‌മെന്റ് യൂനിറ്റ് സ്ഥാപിക്കും. ഈ യൂനിറ്റിന്റെ ചീഫ് കോ-ഓഡിനേറ്ററായി റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥന്‍ സി രഘുവിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.
ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റിലെ പ്രവര്‍ത്തന രഹിതമായ രണ്ട് ഡീസല്‍ യൂനിറ്റുകളെ മാറ്റി അവക്കുപകരം ഗ്യാസ് എന്‍ജിനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഗ്യാസ് എന്‍ജിനുകള്‍ ഓരോന്നിനും 18 മെഗാവാട്ട് വീതം ശേഷിയുണ്ടാകും. ഇതിനായി 144.80 കോടി രൂപയുടെ ഭരണാനുമതി നല്‍കി. തുടക്കത്തില്‍ ഇറക്കുമതി ചെയ്ത എല്‍ എന്‍ ജി ആയിരിക്കും ബ്രഹ്മപുരത്ത് ഉപയോഗിക്കുക. ആഭ്യന്തര വിപണിയില്‍ നിന്ന് എല്‍ എന്‍ ജി വരും കാലത്ത് ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉത്പാദനത്തിനുള്ള സംവിധാനമൊരുക്കുന്നത്. കോതമംഗലം താലൂക്കിലുള്ള ഭൂതത്താന്‍ കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസ് നിര്‍മാണ ജോലികള്‍ ശരവണ എന്‍ജിനീയറിംഗ് ഭവാനി ആര്‍ പി പി ഇന്‍ഫ്ര സംയുക്ത സംരംഭത്തെ ഏല്‍പ്പിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
ഇതിന് 86.81 കോടിയാണ് ചെലവ്. എസ്റ്റിമേറ്റ് റേറ്റിനെക്കാള്‍ 18.09 ശതമാനം താഴ്ന്ന തുകക്കാണ് ഈ സ്ഥാപനത്തെ ജോലി ഏല്‍പ്പിച്ചത്. പുതുക്കാട് കാട്ടൂര്‍ 66 കെ വി ലൈന്‍ ശേഷി കൂട്ടി 110 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈനായി ഉയര്‍ത്താന്‍ അനുമതി നല്‍കി. ഇതോടൊപ്പം പുതുക്കാട് സബ്‌സ്റ്റേഷനില്‍ രണ്ട് ഫീഡര്‍ ബേയും നിര്‍മിക്കും. ഇതിന് 11.2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.