മുസാഫര്‍നഗര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകര്‍: എസ് പി നേതാവ്‌

Posted on: February 2, 2014 2:17 am | Last updated: February 2, 2014 at 2:58 am

muzzafarnagarലക്‌നോ: മുസാഫര്‍നഗര്‍ കലാപത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ യാചകരെന്ന അധിക്ഷേപവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ്. ക്യാമ്പില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകരാണെന്നാണ് എസ് പി നേതാവും ശ്രാവസ്തിയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ആതിഖ് അഹ്മദ് അധിക്ഷേപിച്ചത്.
‘എല്ലാ സമൂഹങ്ങളിലും സമുദായങ്ങളിലും യാചകത്തൊഴിലാളികള്‍ ഉണ്ട്. യഥാര്‍ഥ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് 15 ലക്ഷം രൂപയും ജോലിയും നല്‍കി. എന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ യാചന തുടരുകയാണ്. അവര്‍ പ്രൊഫഷനല്‍ യാചകരല്ലാതെ മറ്റെന്താണ്?’- മാഫിയാ ബന്ധം ആരോപിക്കപ്പെട്ട നേതാവ് കൂടിയായ ആതിഖ് ചോദിച്ചു. യു പിയില്‍ വൈദ്യുതി കമ്മിയില്ലെന്നും പ്രതിസന്ധിക്ക് കാരണം വൈദ്യുതി മോഷണമാണെന്നും നേരത്തേ അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
മുസാഫര്‍നഗര്‍ ക്യാമ്പില്‍ അവശേഷിക്കുന്നവര്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ഒരു മാസം മുമ്പ് എസ് പി മേധാവി മുലായം സിംഗ് യാദവ് തുറന്നടിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയര്‍ന്നത്. ക്യാമ്പില്‍ കുട്ടികള്‍ മരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അനില്‍ ഗുപ്ത നടത്തിയ പരാമര്‍ശവും പ്രതിഷേധം ക്ഷണിച്ചു വരുത്തി. കുട്ടികള്‍ മരിക്കുന്നത് അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ടല്ല, ന്യൂമോണിയ മൂലമാണെന്നായിരുന്നു ഗുപ്ത പറഞ്ഞത്.
ദുരിതാശ്വാസ ക്യാമ്പില്‍ അത്യാവശ്യ സഹായം പോലും എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശമുയരുമ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്സവം കൊണ്ടാടാന്‍ പോയതും വലിയ പ്രതിഷേധങ്ങള്‍ക്കിയാക്കിയിരുന്നു.