Connect with us

Ongoing News

മഹാ ഗുരു

Published

|

Last Updated

ആധുനിക കേരളത്തിലെ തലമുതിര്‍ന്ന മുസ്‌ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നതനായ നേതാവുമാണ് ഇന്നലെ നമ്മോടു വിടപറഞ്ഞ ഉള്ളാല്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍. നിര്‍ണായകമായ ചരിത്ര സന്ധികളില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും നായകത്വം ഏറ്റെടുക്കുകയും ചെയ്ത ഒരു മഹാഗുരുവിന്റെ സാന്നിധ്യമാണ് തങ്ങളുടെ വേര്‍പ്പാടിലൂടെ ഉണ്ടായിരിക്കുന്നത്. അളന്നു തിട്ടപ്പെടുത്താവുന്നതോ പകരം വെക്കാവുന്നതോ അല്ല ആ മഹാഗുരുവിന്റെ ജീവിതവും ആ ജീവിതം കേരളത്തിലെ മുസ്‌ലിംകള്‍ക്ക് നല്‍കിയ ദിശാബോധവും. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും കിട്ടുക എന്നാണല്ലോ പ്രവാചകര്‍(സ) പറഞ്ഞത്. ഉള്ളാള്‍ തങ്ങളില്ലായിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭവബഹുലമായ ഇടപെടലുകളും തന്നെ സാക്ഷി.
കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക ചരിത്രത്തില്‍ നിന്ന് തങ്ങളുടെ ജീവിതത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തതിന് വേറെയും കാരണങ്ങളുണ്ട്. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യമനിലെ ഹളര്‍മൗത് എന്ന സ്ഥലത്ത് നിന്നും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ തീരത്തെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ കുടുംബത്തിലാണ് ഉള്ളാള്‍ തങ്ങളുടെയും ജനനം. ഒമ്പതാം നൂറ്റാണ്ടു മുതല്‍ മലബാര്‍ തീരത്തെ മുസ്‌ലിംകളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്നതിലും അവരെ ഒരു സമുദായമെന്ന നിലക്ക് വളര്‍ത്തി വലുതാക്കുന്നതിലും ബുഖാരി സദാത്തുക്കള്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബുഖാരി സാദാത്തുക്കളുടെ ചരിത്ര നിയോഗത്തിന്റെ ഭാഗധേയം ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചത് ഉള്ളാള്‍ തങ്ങള്‍ക്കായിരുന്നു.
നേതൃഗുണം കൊണ്ട് പണ്ട് മുതലേ അനുഗൃഹീതമായിരുന്നു തങ്ങളുടെ കുടുംബം. അമ്മാവനായിരുന്ന ചങ്ങനാശേരിയിലെ സയ്യിദ് ബിച്ചാന്‍ കുട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നേതൃപരമായ പങ്ക് വഹിക്കുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. സയ്യിദന്മാര്‍ക്ക് മുസ്‌ലിംകള്‍ക്കിടയിലുള്ള മതപരമായ സ്വാധീനത്തെ ബ്രിട്ടീഷ്‌വിരുദ്ധ സമരത്തില്‍ മുസ്‌ലിം പക്ഷത്തെ സംഘടിപ്പിക്കുന്നതില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. തങ്ങള്‍ എന്ന പേര് പോലും ഉച്ചരിക്കാന്‍ അന്ന് ബ്രിട്ടീഷുകാര്‍ സമ്മതിച്ചിരുന്നില്ലെന്ന് ചരിത്ര രേഖകളില്‍ കാണാം. ഇത്തരം കുടുംബപാരമ്പര്യങ്ങളില്‍ നിന്നും അതാതുകാലത്തെ സാമൂഹികാനുഭവങ്ങളോട് ബുഖാരി സദാത്തുക്കള്‍ സ്വീകരിച്ച സമീപനങ്ങളില്‍ നിന്നുമാണ് ഉള്ളാള്‍ തങ്ങളുടെയും നയനിലപാടുകള്‍ രൂപപ്പെട്ടുവന്നത്.
1956 ലാണ് തങ്ങള്‍ സമസ്തയില്‍ അംഗമാകുന്നത്. തുടര്‍ന്നിങ്ങോട്ട് സമസ്തയുടെ ഓരോ അനക്കത്തിലും തങ്ങളുടെ പങ്കും പങ്കാളിത്തവും ഉണ്ടായിരുന്നു. സമസ്ത ഒരു വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പിച്ചത് ഉള്ളാള്‍ തങ്ങളെ ആയിരുന്നു. കേരളത്തിലെ മുസ്‌ലിംകളുടെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാണുന്ന അഭിമാനാര്‍ഹമായ നേട്ടത്തിന് പിന്നില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് ഉള്ളാള്‍ തങ്ങളും സംഘവും നടത്തിയ ചടുലമായ പ്രവര്‍ത്തനങ്ങളും നയനിലപാടുകളും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്ത വിദ്യഭ്യാസ ബോര്‍ഡിനു വ്യവസ്ഥാപിതമായ രൂപം കൊണ്ട് വരുന്നതിലും മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെ ആധുനികവത്കരിക്കുന്നതിലും തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൗലികമായ മാറ്റങ്ങളാണ്, പലരും സൂചിപ്പിക്കാറുള്ളതു പോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ മുസ്‌ലിം സാമാന്യ ജനത്തിനു അഭിമാനിക്കാവുന്ന സാമൂഹിക പദവി നേടിത്തന്നത്.
ഞാനും തങ്ങളും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ തങ്ങള്‍ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് ഞാന്‍ ജോയിന്റ് സെക്രട്ടറിയായി വരുന്നത്. അതോടെ തങ്ങളുമായി ദിനേനയെന്നോണം അടുത്തിടപഴകുകയും എന്റെ സമീപനങ്ങള്‍ രൂപവത്കരിക്കുന്നതില്‍ ആ സൗഹൃദം ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു. വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസവും ഊര്‍ജവും എനിക്ക് നല്‍കിയത് തങ്ങളായിരുന്നു. എ പി എന്നായിരുന്നു തങ്ങള്‍ എന്നെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. “അനാരോഗ്യം കാരണമാണ് ഞാന്‍ എ പി യെ പോലെ ഓടി നടക്കാത്തത്, പക്ഷെ എ പിക്കുള്ള നിര്‍ദേശങ്ങളെല്ലാം ഞാനാണ് കൊടുക്കുന്നത്” എന്ന് തങ്ങള്‍ തന്നെ പലപ്പോഴും പ്രസംഗത്തില്‍ പറയാറുണ്ടായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അക്കാലത്തെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗത്തിനെത്താതിരിക്കുമ്പോഴൊക്കെയും നിര്‍ണായകമായ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നത് ഉസ്താദിന്റെ ശിഷ്യന്‍ കൂടിയായ തങ്ങളായിരുന്നു. കണ്ണിയത്ത് ഉസ്താദ് ഉണ്ടാകുമ്പോഴും പ്രാര്‍ഥന ഉള്ളാള്‍ തങ്ങള്‍ നടത്തണം എന്നതായിരുന്നു നിലപാട്. കണ്ണിയത്തിനോട് ആലോചിക്കാതെ ഉള്ളാള്‍ തങ്ങള്‍ ഒരു നിലപാടും എടുക്കാറുണ്ടായിരുന്നില്ല. എസ് വൈ എസ്സിന്റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പലരും വിലക്കിയപ്പോള്‍ തന്റെ ഗുരുവും സമസ്തയുടെ പ്രസിഡന്റുമായ കണ്ണിയത്തിന്റെ വീട്ടില്‍ ചെന്ന് അഭിപ്രായം ചോദിക്കുകയും ഉസ്താദിന്റെ ആശീര്‍വാദം വാങ്ങിയുമാണ് എറണാകുളത്തേക്കു വണ്ടി കയറിയതെന്നുമുള്ള കഥ തങ്ങള്‍ അഭിമാനപൂര്‍വം പറയാറുണ്ടായിരുന്നു. ആ അടുപ്പവും ഗുരുവിന്റെ പൊരുത്തവും അനുഗ്രഹവുമായിരുന്നു ഉള്ളാള്‍ തങ്ങളെ പിന്നീട് സമസ്തയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്.
സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചത് ഉള്ളാള്‍ തങ്ങള്‍ നേതൃത്വത്തില്‍ വന്നതോടെയാണ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനവും ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. അര നൂറ്റാണ്ട് കാലത്തെ പൊതു ജീവിതത്തിനൊടുവില്‍ തങ്ങള്‍ യാത്രയാകുമ്പോള്‍ കേരളീയ മുസ്‌ലിംകള്‍ക്ക് നഷ്ടമാകുന്നത് ധിഷണാ ശാലിയായ ഒരു പണ്ഡിതനെയാണ്, നേതാവിനെയാണ്, ആസൂത്രകനെയാണ്, സഘാടകനെയാണ്. എനിക്കാകട്ടെ, പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന മഹാഗുരുവിനെയും.

Latest