മുന്നില്‍ നടന്ന തങ്ങള്‍

Posted on: February 2, 2014 6:00 am | Last updated: February 2, 2014 at 2:03 am

siraj copyമുക്കാല്‍ നൂറ്റാണ്ട് കാലത്തിലധികം മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ, വൈജ്ഞാനിക, സംഘടനാ മേഖലകളില്‍ അത്യുജ്ജ്വലമായ മനക്കരുത്തോടെ മുന്നില്‍ നടന്ന അതുല്യ വ്യക്തിത്വമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി. ഇന്നലെ വൈകുന്നേരം 3. 40ഓടെയാണ് വലിയൊരു ശൂന്യത ബാക്കിയാക്കി ലക്ഷക്കണക്കിന് മുസ്‌ലിംകളെ കണ്ണീരിലാഴ്ത്തി വസതിയില്‍ വെച്ച് ഈ ലോകത്തോട് തങ്ങള്‍ വിട പറഞ്ഞത്. പ്രവാചക കുടുംബത്തിലെ മഹോന്നതനും പണ്ഡിതരിലെ കിരീടവുമായിരുന്നു തങ്ങള്‍. ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരും സമസ്തയുടെ മുന്നണിപ്പോരാളിയുമായിരുന്ന ഉള്ളാള്‍ തങ്ങള്‍, പക്വവും ധീരവുമായ നേതൃത്വത്തിലൂടെയും അപാരമായ വിജ്ഞാനത്തിലൂടെയുമാണ് മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തില്‍ കുടിയേറിയത്. ഇന്ന് മുസ്‌ലിംകള്‍ അനുഭവിക്കുന്ന ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക, നവോത്ഥാന മുന്നേറ്റങ്ങളില്‍ സമസ്തയുടെ അമരത്തിരുന്ന ഉള്ളാള്‍ തങ്ങളുടെ പങ്കും നേതൃത്വവും ചോദ്യം ചെയ്യാനാകാത്ത വിധം സ്ഥിരപ്പെട്ടതാണ്.
ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് ഇസ്‌ലാമിക പ്രബോധനാര്‍ഥം കേരളത്തിലെത്തിയ അഹ്മദ് ജമാലുദ്ദീന്‍ ബുഖാരിയുടെ പിന്‍തലമുറക്കാരനാണ് തങ്ങള്‍. ഹിജ്‌റ വര്‍ഷം 1341 റബീഉല്‍ അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനനം. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്‍മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുല്ല തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക പഠനം. പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാര്‍, തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയ നിരവധി പ്രമുഖ പണ്ഡിതരില്‍ നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ തിരിച്ചെത്തിയ തങ്ങള്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഉള്ളാള്‍ സയ്യിദ് മദനി അറബി കോളജില്‍ പ്രിന്‍സിപ്പലായി. വിയോഗം വരെയും അവിടെ സേവനം അനുഷ്ഠിച്ചു.
1956ലാണ് സംഘടനാ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 1956 സെപ്തംബറില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍, 1989ല്‍ സമസ്ത പ്രസിഡന്റായി സ്ഥാനമേറ്റു. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡില്‍ ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. 1992ല്‍ രൂപവത്കൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനുമായും സേവനമനുഷ്ഠിച്ചു.
സവിശേഷമായ ചില സാഹചര്യങ്ങളെ തുടര്‍ന്ന് സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ നായകത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ ആര്‍ജവം കാണിച്ചു. എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്ക് മുന്നില്‍ നടക്കാന്‍ തങ്ങളുണ്ടായിരുന്നു. ഇതിന് ശേഷം നേരിട്ട നിരവധി പ്രതിസന്ധി ഘട്ടങ്ങളെ സംഘടന അതിജയിച്ചതില്‍ തങ്ങളുടെ ആത്മീയപ്രഭക്കും കുലുങ്ങാത്ത സ്ഥൈര്യത്തിനും വലിയ പങ്കുണ്ട്. അവിടുത്തെ സാന്നിധ്യം ജനമനസ്സുകളെ ആവേശം കൊള്ളിച്ചു. സമുദായത്തിന്റെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവഗണിച്ചവര്‍ക്കെതിരെ ലക്ഷങ്ങളെ സാക്ഷിയാക്കി വെല്ലുവിളിച്ചു. ആ ഉറച്ച ശബ്ദവും കുലുങ്ങാത്ത ആത്മവീര്യവും പലരെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അത്യുജ്ജ്വലമായ തങ്ങളുടെ വാഗ്‌ധോരണികളെ രാഷ്ട്രീയക്കാരും പുരോഗമന നാട്യക്കാരും ഒരുപോലെ ഭയപ്പെട്ടു. സുന്നി പ്രസ്ഥാനത്തിനും കാന്തപുരത്തിനുമെതിരെ മല പോലെ പ്രതിസന്ധികള്‍ വന്നപ്പോഴും അചഞ്ചലമായ ആത്മീയതയും മനക്കരുത്തും മുറുകെ പിടിച്ച് അവയെ തരണം ചെയ്യാന്‍ തങ്ങള്‍ മുന്നിലുണ്ടായിരുന്നു. പ്രശസ്തമായ എറണാകുളം സുന്നി സമ്മേളനത്തില്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ആശീര്‍വാദങ്ങളോടെ തന്നെ പങ്കെടുക്കുകയും തുടര്‍ന്നങ്ങോട്ട് രാപകല്‍ വ്യത്യാസമില്ലാതെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്തു. ബുഖാരി സാദാത്തീങ്ങള്‍ പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന സര്‍വ ഗുണങ്ങളും മേളിച്ച തങ്ങള്‍, മദ്‌റസകളെ ആധുനികവത്കരിക്കുന്നതില്‍ മറ്റുള്ളവര്‍ക്കൊപ്പം നിരന്തരം സാന്നിധ്യമറിയിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിലും തങ്ങള്‍ നിര്‍വഹിച്ചത് വലിയൊരു ദൗത്യമായിരുന്നു. ആയിരക്കണക്കിന് ആളുകളെ ആത്മീയ വഴിയിലേക്ക് നയിച്ച തങ്ങള്‍, നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു. തങ്ങളുടെ ഇടപെടലില്ലായിരുന്നെങ്കില്‍ കേരളീയ മുസ്‌ലിം ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു പറയാം. വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കിയത് ഉള്ളാള്‍ തങ്ങളായിരുന്നു എന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഒരൊറ്റ വാക്ക് മതി തങ്ങളുടെ മഹത്വമറിയാന്‍. സത്യത്തിന് വേണ്ടി സമരം ചെയ്യുകയായിരുന്നു അവിടുത്തെ ജീവിതം മുഴുവന്‍. ”സത്യത്തിന് വേണ്ടി ഏകനായിട്ടാണെങ്കിലും ഞാന്‍ പൊരുതുക തന്നെ ചെയ്യും, കൂടെ ആരുണ്ട്, ആരില്ല എന്നത് എനിക്കൊരു പ്രശ്‌നമേയല്ല” എന്ന തങ്ങളുടെ ഉറച്ച പ്രഖ്യാപനം തന്നെയാകും ഉള്ളാള്‍ തങ്ങള്‍ക്ക് ശേഷമുള്ള സമസ്തയുടെയും പോഷക സംഘടനകളുടെയും മുദ്രാവാക്യവും.