Connect with us

Kerala

പാറമടയില്‍ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

അടൂര്‍: അടൂര്‍ ഏനാദി മംഗലത്ത് പാറമടയിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏനാദി മംഗലം ഇളമണ്ണൂര്‍ കുന്നിട മഞ്ഞത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയിലായിരുന്നു അപകടം. പാറമടയിലെ ഹിറ്റാച്ചി ഡ്രൈവര്‍ കോന്നി ചെങ്ങറ മരുത്തേത്ത് മേമ്മുറി ഷിബു (27), ഒപ്പമുണ്ടായിരുന്ന സഹായി വടശേരിക്കര തെക്കുംമല പുത്തന്‍പുരയില്‍ ഗോപിയുടെ മകന്‍ അനീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം.
പാറ പൊട്ടിക്കുന്നതിനായി രണ്ട് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മേല്‍ മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം. 200 അടിയോളം ഉയരത്തിലുള്ള കുന്നും റബ്ബര്‍ മരങ്ങളും ഇടിഞ്ഞ് മണ്ണ് നീക്കുകയായിരുന്ന രണ്ട് ഹിറ്റാച്ചികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മുകളില്‍ നിന്ന് കുന്ന് ഇടിഞ്ഞ് വരുന്നത് ശ്രദ്ധയില്‍ പെട്ട തൊഴിലാളികള്‍ ഹിറ്റാച്ചിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ മുകളിലേക്ക് കൂറ്റന്‍ പാറ വീഴുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഹിറ്റാച്ചിയിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഈ സമയം പാറമടയിലെ 20 ഓളം വരുന്ന തൊഴിലാളികള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പുറത്തേക്ക് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടം ആദ്യം സമീപവാസികളാണ് കണ്ടത.് തുടര്‍ന്ന് ഇവര്‍ മറ്റ് തൊഴിലാളികളെ വിവരം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഹിറ്റാച്ചികള്‍ പൂര്‍ണമായും മണ്ണിനടിയില്‍പെട്ട നിലയിലായിരുന്നു. അപകടത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയവും പരിഭ്രാന്തി പരത്തി. സമീപത്തെ മറ്റ് ക്രഷര്‍ യൂനിറ്റുകളില്‍ നിന്ന് കൂടുതല്‍ ഹിറ്റാച്ചികളും ജാക്ക് ഹാമറുകളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹിറ്റാച്ചിയുടെ മുകളില്‍ പതിച്ച 30 മീറ്ററിലധികം വലിപ്പമുള്ള കൂറ്റന്‍ പാറ ജാക്ക് ഹാമറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് ഹിറ്റാച്ചി പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ ചിന്നഭിന്നമായ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് പാറമട പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് റവന്യൂ, പോലീസ് വിഭാഗങ്ങള്‍ പ്രത്യേകം അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വന്ദനയാണ് ഷിബുവിന്റെ ഭാര്യ. മക്കള്‍: എബിന്‍, അല്ലു. ഗീതയാണ് അനീഷിന്റെ മാതാവ്. സഹോദരി: അനില.

---- facebook comment plugin here -----

Latest