ഉപ്പ് ജലത്തെ തോല്‍പ്പിച്ച് മുഹമ്മദലിയുടെ പച്ചക്കറി കൃഷി

Posted on: January 30, 2014 8:15 am | Last updated: January 30, 2014 at 8:15 am

DSC_0007കരുപ്പടന്ന: കനോലി പുഴയിലെ ഉപ്പ് ജലത്തെയും ഉപ്പ് നിറഞ്ഞ കാറ്റിനെയും മണ്ണിനെയും വകവെക്കാതെ മുഹമ്മദാലി തന്റെ പച്ചക്കറി കൃഷിയുമായി മുന്നേറുകയാണ്. കരുപടന്ന ജംഗ്ഷന് സമീപം കനോലി കനാലിനോട് ചേര്‍ന്ന് താമസിക്കുന്ന അറക്കപ്പറമ്പില്‍ മുഹമ്മദലിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി പച്ചക്കറി കൃഷി ചെയ്യുന്നത്. വിവിധയിനം വാഴകളും മരച്ചീനിയും ഈ പുരയിടത്തിലെ കൃഷിത്തോട്ടത്തില്‍ സുലഭമാണ്. തണ്ണിമത്തന്‍, കൂക്കമ്പര്‍, വെണ്ട, വഴുതന, വെള്ളരി, പൊട്ടുവെള്ളരി, തക്കാളി, ചീര, പാവക്ക, കറിമത്തന്‍, പച്ചമുളക് തുടങ്ങി ഒട്ടേറെ പച്ചക്കറികളാണ് ഈ തോട്ടത്തില്‍ വിളഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച പുരയിട കൃഷി വിത്തും നൂറോളം വാഴകളും നട്ടുപിടിപ്പിച്ചാണ് ആദ്യത്തെ പരീക്ഷണം മുഹമ്മദലി നടത്തിയത്. ഉപ്പ് ജലമുള്ള മണ്ണില്‍ ഇത്തരം കൃഷികള്‍ അധികം വളരാറില്ല. കായ്ഫലങ്ങളും ലഭിക്കാറില്ല. മുഹമ്മദലിയുടെ കൃഷിയിടത്തിലെ പയറുകളും, വെള്ളരി, പൊട്ടുവെള്ളരി എന്നിവ സാധാരണ മണ്ണില്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ വലുപ്പത്തിലാണ് ഉണ്ടായിരിക്കുന്നത്. കൃഷിക്ക് വേണ്ട സഹകരണങ്ങള്‍ കൃഷി ഓഫീസര്‍ പി റിങ്കുവും ഉണ്ണിയും ഗ്രാമപഞ്ചായത്ത് അംഗം എം എച്ച് ബഷീറുമാണ് നല്‍കി വരുന്നത്.