Connect with us

Kerala

പി കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കോഴിക്കോട്: രാഷ്ട്രീയ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പന്ത്രണ്ട് പ്രതികളില്‍ പതിനൊന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലയാളി സംഘത്തിലെ ഏഴ് പേര്‍ക്കും കേസില്‍ ഗൂഢാലോചന നടത്തിയ സി പി എം നേതാക്കളുള്‍പ്പെടെ നാല് പേര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊലയാളി സംഘത്തില്‍ പെട്ട എം സി അനൂപ് (32), കിര്‍മാണി മനോജ് (32), കൊടി സുനി (31), ടി കെ രജീഷ് (35), കെ കെ മുഹമ്മദ് ശാഫി (29), എസ് സിജിത്ത് (25), കെ ഷിനോജ് (30) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ശിക്ഷ അനുഭവിക്കണം. ജീവപര്യന്തം ശിക്ഷക്ക് പുറമെ സ്‌ഫോടകവസ്തു കൈവശം വെച്ച കേസില്‍ കിര്‍മാണി മനോജിന് അഞ്ച് വര്‍ഷവും കൊടി സുനിക്ക് പത്ത് വര്‍ഷവും അധികശിക്ഷ വിധിച്ചിട്ടുണ്ട്. ടി കെ രജീഷ്, കെ കെ മുഹമ്മദ് ശാഫി, എസ് സിജിത്ത്, കെ ഷിനോജ് എന്നീ പ്രതികള്‍ ജീവപര്യന്തത്തിന് പുറമെ 143-ാം വകുപ്പ് പ്രകാരം ആറ് മാസവും 147 പ്രകാരം ഒരു വര്‍ഷവും 148 പ്രകാരം രണ്ട് വര്‍ഷവും കഠിന തടവ് അനുഭവിക്കണം.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയ കേസിലെ പതിമൂന്നാം പ്രതിയും സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന്‍ (64), കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും എട്ടാം പ്രതിയുമായ കെ സി രാമചന്ദ്രന്‍ (54), കണ്ണൂര്‍ കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പതിനൊന്നാം പ്രതിയുമായ ട്രൗസര്‍ മനോജന്‍ (49) എന്നിവര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു. ഇവര്‍ ഒരു ലക്ഷം രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ് അനുഭവിക്കണം. അക്രമികള്‍ക്കായി ഇന്നോവ കാര്‍ വാടകക്ക് എടുത്തു നല്‍കിയ പതിനെട്ടാം പ്രതി വാഴപ്പടച്ചി റഫീഖിന് (38) ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന് (36) മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊലപാതകം, അന്യായമായ സംഘം ചേരല്‍, കലാപത്തിന് ശ്രമിക്കല്‍, സംഘം ചേരല്‍, ആയുധം കൈവശം വെക്കല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ അഡീഷനല്‍ സെഷന്‍സ് ജഡജി ആര്‍ നാരായണ പിഷാരടി ശിക്ഷ വിധിച്ചത്. പ്രദീപിനെ 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിന് പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. വ്യക്തിവിരോധമല്ല രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ വിരോധത്തിന് പ്രതികളെ ഉപകരണമാക്കുകയായിരുന്നെന്നും കോടതി പറഞ്ഞു.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം ആസൂത്രിതവും നികൃഷ്ടവുമാണെന്ന് കോടതി നിരീക്ഷിച്ചു. 1983ലെ മച്ചീസിംഗ് വധം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉയര്‍ത്തികാണിച്ചാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കാണാനാകില്ലെന്നും വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി വിധിയെഴുതിയത്. പ്രതികള്‍ ക്രിമിനല്‍ കുറ്റം ചെയ്തതിന് നേരത്തെ ശിക്ഷിക്കപ്പെടാത്തതിനാലും മനഃപരിവര്‍ത്തനത്തിന് സാധ്യതയുള്ളതിനാലും യുവത്വം പരിഗണിച്ചുമാണ് വധശിക്ഷയില്‍ നിന്ന് കോടതി ഒഴിവാക്കിയത്. വിചാരണ നടപടി ഹൈക്കോടതി സ്റ്റേ ചെയ്ത സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ള പതിനഞ്ച് പേരുടെ കേസ് ഫെബ്രുവരി 28ന് കോടതി പരിഗണിക്കും.

Latest