ലോക സാമ്പത്തിക ഫോറത്തില്‍ എ എ പി ചര്‍ച്ചാവിഷയം

Posted on: January 23, 2014 10:16 pm | Last updated: January 23, 2014 at 10:16 pm

aam admiദാവോസ്: ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയെ കുറിച്ചുള്ള ചര്‍ച്ചക്കിടെ ഏറ്റവും കൂടുതല്‍ കടന്നുവന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പും ആം ആദ്മി പാര്‍ട്ടിയും. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ പ്രതിഭാസങ്ങളെ കുറിച്ച് സംസാരിക്കാന്‍ കൂടുതല്‍ പേര്‍ക്കും താത്പര്യമുണ്ടായില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയെയും പൊതുതിരഞ്ഞെടുപ്പില്‍ എ എ പി സൃഷ്ടിക്കുന്ന സ്വാധീനത്തെയും കുറിച്ച് ഇന്ത്യന്‍ പ്രതിനിധികളോട് വിദേശ സാമ്പത്തിക വിദഗ്ധര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
എന്നാല്‍ ചില ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍, എ എ പിയുടെ ഭാവിയെ ചോദ്യം ചെയ്യുകയും ആള്‍ക്കൂട്ട ജനാധിപത്യത്തിന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അധികം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും മറുപടി നല്‍കി. അതേസമയം, ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ആം ആദ്മി പാര്‍ട്ടിക്കായിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വര്‍ധനവുണ്ടെന്ന ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തെയും വിദേശ പ്രതിനിധികള്‍ വിമര്‍ശനാത്മകമായാണ് കണ്ടത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ച് മുമ്പൊരുക്കലുമില്ലാത്ത അനിശ്ചിതത്വമാണ് ഇത്തവണയുള്ളതെന്നും എ എ പിയുടെ ഉദയം ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നതെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അടുത്ത് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ണായകമായിരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.