പുത്തന്‍കുളം സര്‍വേ തടസ്സപ്പെട്ടു

Posted on: January 23, 2014 8:26 am | Last updated: January 23, 2014 at 8:26 am

ചാലക്കുടി: വിവാദമായ ട്രാംവേ റോഡിലെ പുത്തന്‍കുളം അളന്ന് തിട്ടപ്പെടുത്തുന്നത് സര്‍വേ കല്ലുകള്‍ കാണാതിരുന്നത് തടസ്സപ്പെട്ടു. താലൂക്ക് സര്‍വെയര്‍ സി ഒ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലത്ത് എത്തിയത്.
ദേശീയപാതയിലെ പഴയ പോലീസ് കോര്‍ട്ടേഴ്‌സിന് സമീപത്തു നിന്ന് ആരംഭിച്ച സര്‍വെ കുളത്തിന് സമീപത്ത് വെച്ചാണ് നിര്‍ത്തിവെച്ചത്. പഴയ അതിര്‍ത്തികല്ലുകള്‍ ഉണ്ടായിടത്താണ് സ്വകാര്യ വ്യക്തികള്‍ മതില്‍ നിര്‍മിച്ചിട്ടുള്ളതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
നഗരസഭയുടെ അധീനതയിലുള്ള കുളം ഇറിഗേഷന്‍ വകുപ്പ് ബി ഡി ദേവസി എം എല്‍ എ യുടെ പ്രദേശിക വികസന ഫണ്ടുപയോഗിച്ച് നാല് ഭാഗവും കെട്ടി പുനരുദ്ധീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി കുളം താഴ്ത്തുകയും നിര്‍മാണത്തിനായി കരിങ്കല്ലുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കുളം കഴിഞ്ഞാല്‍ അവശേഷിക്കുന്ന പുറംപോക്ക് സ്ഥലം നഗരസഭ സംരക്ഷിച്ച് പൂന്തോട്ടം വെച്ച് പിടിപ്പിക്കാനായിരുന്നു തീരുമാനം. കുളത്തിന്റെ നിര്‍മാണം നടക്കുന്നതിനിടെ ചില പൊതു പ്രവര്‍ത്തകര്‍ പൊതു സ്ഥലം അനധികൃതമായി കയ്യേറിയതായി കാണിച്ച് തദേശസ്വയംഭരണ വകുപ്പ് ഓബുഡ്‌സ്മാന് പരാതി നല്‍കിയിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ഓബുഡ്‌സ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് താലൂക്ക് സര്‍വേ വിഭാഗം എത്തിയത്. സ്ഥലം അളവ് പൂര്‍ത്തിയാകാതെ കുളത്തിന്റെ പൂനനിര്‍മാണ പ്രവര്‍ത്തികള്‍ നീണ്ടു പോകാനാണ് സാധ്യത.