യുവജന കമ്മീഷന്‍ ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു

Posted on: January 21, 2014 12:47 am | Last updated: January 20, 2014 at 11:48 pm

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. യുവജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കമ്മീഷന്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

2012 ആഗസ്റ്റ് 18ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്. 2012 ഡിസംബര്‍ 21ന് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല. ഒരു ചെയര്‍പേഴ്‌സനും 10ല്‍ കവിയാത്ത അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മീഷന്‍ രൂപവത്കരണം നിയമം വ്യവസ്ഥ ചെയ്യുന്നു. കമ്മീഷന്റെ ഓഫീസ് തുടങ്ങുന്നതിനും പ്രാരംഭ ചെലവുകള്‍ക്കുമായി 60 ലക്ഷം രൂപയും ആവര്‍ത്തന ചെലവുകളായി 90 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നതായി ബില്ലിനൊപ്പം യുവജനക്ഷേമന്ത്രി മന്ത്രി പി കെ ജയലക്ഷ്മി സമര്‍പ്പിച്ച ധനകാര്യ മെമ്മോറാണ്ടം വ്യക്തമാക്കുന്നു.
ചെയര്‍പേഴ്‌സനെയും അംഗങ്ങളെയും സര്‍ക്കാര്‍ നിയമിക്കും അഡീഷനല്‍ സെക്രട്ടറി പദവിയുള്ളയാളായിരിക്കും കമ്മീഷന്റെ സെക്രട്ടറി. തിരുവനന്തപുരമായിരിക്കും ആസ്ഥാനം. ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്ന് വര്‍ഷമായിരിക്കും. 18 വയസ്സ് മുതല്‍ 40 വയസ്സുവരെയുള്ളവര്‍ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടാം. 40 വയസ്സ് പൂര്‍ത്തിയായാല്‍ സ്ഥാനം നഷ്ടപ്പെടും. രണ്ടില്‍ കൂടുതല്‍ തവണ ഔദ്യോഗികസ്ഥാനം വഹിക്കാന്‍ അര്‍ഹതയുണ്ടാകില്ല.
സംസ്ഥാനത്ത് യുവജനങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുക, തൊഴിലിന്റെ അന്തസ്സിനെപ്പറ്റി യുവാക്കളില്‍ അറിവുണ്ടാക്കുക, മെച്ചപ്പെട്ട വിദ്യഭ്യാസത്തിനും തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുക, ഇതിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഗോത്രവര്‍ഗ വിഭാഗങ്ങളിലടക്കം യുവജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുക, അസംഘടിത മേഖലയിലെ തൊഴില്‍ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവയായിരിക്കും കമ്മീഷന്റെ അധികാരങ്ങള്‍. പ്രവര്‍ത്തനത്തിനാവശ്യമായ തുക സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ക്കും ഉപാധികള്‍ക്കും വിധേയമായി സാഹിത്യ, സാംസ്‌കാരിക, കായിക മേഖലകളില്‍ യുവജനങ്ങള്‍ക്കായി എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്താനും കമ്മീഷന് അധികാരമുണ്ടാകും.