സുനന്ദയുടെ മരണം: തരൂരിന്റെ മൊഴി ഇന്നെടുക്കില്ല

Posted on: January 19, 2014 10:02 am | Last updated: January 20, 2014 at 8:04 am

tharoor

ന്യൂഡല്‍ഹി: കേന്ദ്ര മാനവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ അജ്ഞാത കാരണങ്ങളാല്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് ഇന്ന് തരൂരിന്റെ മൊഴിയെടുക്കില്ല. ശശി തരൂരിന്റെ അസൗകര്യത്തെത്തുടര്‍ന്നാണ് മൊഴിയെടുക്കല്‍ മാറ്റിയത്. സുനന്ദയുടെ മരണം അമിത മരുന്നുപയോഗം കാരണമാണെന്ന് പോസ്റ്റമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരിലൊരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കും.

അതിനിടെ ക്രിക്കറ്റ് വാതുവെപ്പിലുള്‍പ്പെട്ട രാഷ്ട്രീയ നേതാക്കന്‍മാരുടെ ലിസ്റ്റ് സുനന്ദ പുറത്തുവിടാന്‍ പോവുകയായിരുന്നു എന്ന് സുബ്രമണ്യം സ്വാമി ട്വിറ്ററില്‍ പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടയാളാണ് ഇത് തന്നോട് പറഞ്ഞതെന്നും സ്വാമി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ ലീലാ പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എ ഐ സി സി സമ്മേളനത്തിനുശേഷം ശശി തരൂര്‍ തിരിച്ചെത്തിയപ്പോഴാണ് സുന്ദ മരിച്ചുകിടക്കുന്നത് കണ്ടെത്. തരൂര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്നാണ്. സുനന്ദയുടെ ശരീര ഭാഗങ്ങളില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മരണത്തിനുകാരണമല്ലെന്നാണ് വിലയിരുത്തപ്പെട്ടത് എന്ന് കരുതുന്നു.