Connect with us

Kozhikode

വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ശില്‍പ്പശാല

Published

|

Last Updated

കോഴിക്കോട്: സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജുക്കേഷന്റെ നേതൃത്വത്തില്‍ കോട്ടൂളി തണ്ണീര്‍ത്തടത്തിന്റെ പരിസ്ഥിതി, ജെവവൈവിധ്യ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി സരോവരത്ത് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 22ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ശില്‍പ്പശാലയില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പ്രകൃതിസംരക്ഷണ പ്രതിജ്ഞ എടുക്കുമെന്ന് കോര്‍ഡിനേറ്റര്‍ ജി പത്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ശില്‍പ്പശാലയില്‍ പങ്കെടുക്കും. കണ്ടല്‍ക്കാടുകളെക്കുറിച്ച് ജൈവവൈവിധ്യ ബോര്‍ഡിന്റെ സിഡി പ്രര്‍ശനം, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ടിന്റെ ക്ലാസ്, ജനകീയ ജൈവവൈവിധ്യ നിര്‍മാണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തിലും ക്ലാസുകള്‍ നടക്കും.
തണ്ണീര്‍ത്തട സംരക്ഷണത്തിനായി കേരള പ്രകൃതിസംരക്ഷണ ഏകോപന സമിതി, ദര്‍ശനം സാംസ്‌കാരിക വേദി, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, കനോലി കനാല്‍ ഡവലപ്‌മെന്റ് കമ്മിറ്റി, സെന്റര്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫോര്‍ പീപ്പിള്‍, സൊസൈറ്റി ഫോര്‍ ഹെര്‍ബല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എന്നീ സംഘടനകള്‍ അംഗങ്ങളായ സപ്പോര്‍ട്ടിംഗ് അര്‍ബന്‍ സസ്റ്റൈനബിലിറ്റി ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയും ശില്‍പ്പശാലയില്‍ സഹകരിക്കുന്നുണെന്ന് ഇവര്‍ പറഞ്ഞു.
പ്രൊഫ ടി ശോഭീന്ദ്രന്‍, എം എ ജോണ്‍സണ്‍, എ സത്യനാഥന്‍, സൊസൈറ്റി ഫോര്‍ ഹെര്‍ബല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെക്രട്ടറി സി പി കോയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.