Connect with us

Malappuram

ഫെഡറേഷന്‍ കപ്പ്: ആരവങ്ങള്‍ നിലക്കാതെ ഗ്യാലറി

Published

|

Last Updated

മഞ്ചേരി: ഫെഡറേഷന്‍ കപ്പിന്റെ രണ്ടാം ദിനവും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോള്‍ പ്രേമികള്‍ ഒഴുകിയെത്തി. കാത്തിരുന്ന കളി കാണാന്‍ മണിക്കൂറുകള്‍ക്ക് മുമ്പെ സ്റ്റേഡിയത്തിലെത്തുന്ന കാഴ്ചയാണ് ഉദ്ഘാടന ദിവസവും ഇന്നലെയും കണ്ടത്.
അഞ്ച് മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരം കാണാന്‍ ഉച്ചയോടെ തന്നെ കാണികളെത്തി. നിറഞ്ഞ് കവിയുന്ന ഗ്യാലറികളെയും നിലക്കാത്തെ ആരവങ്ങളെയും സാക്ഷിയാക്കിയാണ് മൈതാനത്ത് താരങ്ങള്‍ പന്ത് തട്ടുന്നത്. മഞ്ചേരിയിലെ നിറഞ്ഞ് കവിഞ്ഞ കാണികളെ കണ്ട് ടീം കോച്ചുമാരും ഫുട്‌ബോള്‍ താരങ്ങളും അത്ഭുതപ്പെട്ടു. ഇന്ത്യയില്‍ എവിടെയും കാണാത്ത ആള്‍കൂട്ടമാണ് ഇവിടെയെന്നാണ് കോച്ചുമാരും താരങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു.
ഫെഡറേഷന്‍ കപ്പിന്റെ മറ്റൊരു വേദിയായ കൊച്ചിയില്‍ കാണികളില്ലാത്തതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കിയാണ് സംഘാടകര്‍ ഗ്യാലറി നിറക്കുന്നത്. എന്നാല്‍ മഞ്ചേരിയില്‍ ടിക്കറ്റില്ലാത്ത അവസ്ഥയും. കാല്‍ലക്ഷത്തോളം പേരാണ് ഉദ്ഘാടന ദിവസം ഗ്യാലറിയിലെത്തിയത്. ഡെംപോ ഗോവയും ഭവാനിപൂര്‍ എഫ് സിയും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെംപോ വിജയിച്ചു. രണ്ടാമത്തെ മത്സരത്തില്‍ യുനൈറ്റഡ് സിക്കിമിനെ മുഹമ്മദന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഫെഡറേഷന്‍ കപ്പും ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌റ്റേഡിയം നിര്‍മിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. പവലിയന്‍, ഗാലറി ബ്ലോക്കുകള്‍ മന്ത്രി പി കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോപ്ലക്‌സ് ചീനിക്കാമണ്ണ് റോഡിന്റെ ശിലാസ്ഥാപനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. സ്റ്റേഡിയത്തിനകത്തെ റോഡ് മന്ത്രി ഡോ. എം കെ. മുനീറും പ്രവേശന കവാടം മന്ത്രി എ പി അനില്‍കുമാറും ഉദ്ഘാടനം ചെയ്തു.

Latest