ഫുട്‌ബോളിന്റെ മടിത്തട്ടില്‍ ‘താര’കങ്ങളിറങ്ങി; ഹൃദ്യമായ വരവേല്‍പ്പ്

Posted on: January 12, 2014 7:58 am | Last updated: January 12, 2014 at 7:58 am

മലപ്പുറം/മഞ്ചേരി: ഫുട്‌ബോളിന്റെ മെക്കയിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വന്നിറങ്ങി. മഞ്ചേരിയിലും കൊച്ചിയിലുമായി നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ ഇവര്‍ ബൂട്ട് കെട്ടും. ഇന്നലെ ഡെംപോ ഗോവയും മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് കൊല്‍ക്കത്തയുമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയത്. താരങ്ങളെ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ ടീമിന്റെ ബാന്റ് വാദ്യത്തോടെ എം ഉമര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മാലയിട്ട് സ്വീകരിച്ചു.
മറ്റൊരു ടീമായ രാംങ്ദജീദ് യുണൈറ്റഡ് കൊച്ചിയിലാണ് വന്നിറങ്ങിയത്. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് പലതവണ ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ട ഡെംപോ ഗോവ എത്തിയത്. ടീമുകളെ ഹൃദ്യമായാണ് കരിപ്പൂരില്‍ നിന്നും താമസസ്ഥലത്തേക്ക് ആനയിച്ചത്. കളിക്കാരും മറ്റു സഹായികളും ഉള്‍പ്പടെ 25 പേരാണ് ആദ്യമെത്തിയ ഡെംപോ ഗോവ സംഘത്തില്‍ ഉണ്ടായിരുന്നത്. 20 കളിക്കാരും അഞ്ച് ഓഫീഷ്യല്‍സുമടക്കമുള്ള ഡെംപോ എഫ് സി പെരിന്തല്‍മണ്ണ ഹൈടണില്‍ വിശ്രമിച്ചു വരികയാണ്. കേരളത്തില്‍ കളിക്കാനെത്തുന്നത് ടീമിനെന്നും ആവേശമാണെന്ന് ഡെംപോ ഗോവ കോച്ച് ഓസ്‌ട്രേലിയക്കാരനുമായ ആര്‍തര്‍ പപ്പാസ് പറഞ്ഞു. കപ്പ് നേടുക എന്ന ആത്മവിശ്വാസത്തോടെയാണ് ടീം ഇവിടെ കളിക്കാനെത്തിയത്. ഫുട്‌ബോള്‍ പ്രേമികളുടെ നാട്ടില്‍ കളിക്കാനാവുന്നത് ഓരോ കളിക്കാരനും ആസ്വദിച്ച് കളിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഫെഡറേഷന്‍ കപ്പ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേകവാഹനത്തില്‍ ഗോവ സംഘം പെരിന്തല്‍മണ്ണയിലേക്ക് പോയി.
ഫുട്‌ബോള്‍ രംഗത്ത് ഒരു തിരിച്ചുവരവിന് തയാറെടുത്താണ് മുഹമ്മദന്‍സ് കരിപ്പൂരില്‍ വന്നിറങ്ങിയത്. ഉച്ചക്ക് 2.45നു മുംബൈയില്‍ നിന്ന് ജെറ്റ്എയര്‍വൈസ് വിമാനത്തിലാണ് വന്നിറങ്ങിയത്. 21 കളിക്കാരും കോച്ചും മാനേജറും ഫിസോയ തെറാപ്പിസ്റ്റുമടക്കം 25 അംഗ മുഹമ്മദന്‍സ് ടീം മഞ്ചേരി മലബാര്‍ ഹെറിറ്റേജ് ഹോട്ടലിലാണ് താമസിക്കുന്നത്. ഒരിടവേളക്ക് ശേഷമുള്ള കരുത്തുറ്റ ടീമിന്റെ പ്രകടനം ഇത്തവണ കാണാനാവുമെന്നുള്ള പ്രതീക്ഷ കളിക്കാര്‍ പങ്കുവച്ചു.
താരങ്ങളെ സ്വീകരിക്കാന്‍ എം എല്‍ എക്ക് പുറമെ മഞ്ചേരി നഗരസഭാ അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദാലി, ഫെഡറേഷന്‍ കപ്പ് സംഘാടകരായ പി.കെ.ഷംസു, കണ്ണിയന്‍ അബൂബക്കര്‍, വല്ലാഞ്ചിറ ഷൗക്കത്തലി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങള്‍ തുടങ്ങിയ നിരവധിപേര്‍ കരിപ്പൂരില്‍ എത്തിയിരുന്നു.
ഇന്ന് യുനൈറ്റഡ് എഫ് സിയും ഭവാനിപൂര്‍ ടീമുകളും കരിപ്പൂരില്‍ വിമാനമിറങ്ങും. ഇന്നലെ എത്തിയ ടീമുകള്‍ ഇന്ന് പരിശീലനത്തിനിറങ്ങും.
സ്റ്റേഡിയത്തിലെ ഫെളഡ്‌ലൈറ്റുകള്‍ ഇന്ന് കമ്മീഷന്‍ ചെയ്യും. ഫെള്‍ഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 1200 പ്രകാശ വ്യാപ്തിയിലാണ് മൈതാനത്തിലെ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ കീഴിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍.