Connect with us

Ongoing News

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് ഒന്‍പതാം സ്വര്‍ണം

Published

|

Last Updated

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ടാം ദിനവും കേരളം കുതിപ്പ് തുടരുന്നു. ഒരു ദേശീയ റെക്കോര്‍ഡ് ഉള്‍പ്പെടെ ഇന്ന് അഞ്ച് സ്വര്‍ണ്ണം നേടിയ കേരളത്തിന്റെ സ്വര്‍ണ നേട്ടം ഇതോടെ ഒന്‍പതായി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ കെ.എസ്. അനന്തുവാണ് ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയത്. 1.89 മീറ്റര്‍ ചാടിയാണ് അനന്തു പുതിയ ദേശീയ റെക്കോഡിട്ടത്.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തയില്‍ കോഴിക്കോട് മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.എം. ബിന്‍സി മറ്റൊരു സ്വര്‍ണവും നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിന്‍സി ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. മലേഷ്യയില്‍ ഈയിടെ സമാപിച്ച ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിലും ബിന്‍സി നടത്തത്തില്‍ സ്വര്‍ണം നേടിയിരുന്നു.

സിനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ജെനിമോള്‍ ജോയിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്‌ന മാത്യുവും സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വി വി ജിഷയും സ്വര്‍ണം നേടി.

ജുനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ ഷഹര്‍ബാന സിദ്ദിഖിനും സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ ആതിര സുരേന്ദ്രനും, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ സി.കെ.പ്രജിതയക്കും വെളളി ലഭിച്ചു. കേരളത്തിന്റെ തന്നെ ഗോപിക നാരായണനാണ് വെങ്കലം. സീനിയര്‍ ആണ്‍കുട്ടികളുെട 400 മീറ്ററില്‍ സന്തു സുകുമാരന് വെങ്കലം ലഭിച്ചു.

മെഡല്‍പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്.

Latest