പാലക്കാട് – പൊള്ളാച്ചി ഗേജ്മാറ്റ പ്രവൃത്തി വൈകുന്നതിനെതിരെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: January 8, 2014 10:00 am | Last updated: January 8, 2014 at 10:58 am

കൊല്ലങ്കോട്: പാലക്കാട് – പൊള്ളാച്ചി ഗേജ്മാറ്റ പ്രവൃത്തി തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും മന്ദഗതിയില്‍ നടക്കുന്നതിനെരെ ഊട്ടറ കൊല്ലങ്കോട് റെയില്‍- ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. 2012 നവംബറില്‍ ഊട്ടറ കൊല്ലങ്കോട് റെയില്‍ – ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനു വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ 2014 ഏപ്രിലിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നു പറഞ്ഞിരുന്നു. 2012 നവംബറില്‍ 60 ശതമാനം പണി കഴിഞ്ഞ ലൈനിനെ ഒന്നരവര്‍ഷമായിട്ടും പൂര്‍ത്തിയാക്കാതെ ഫണ്ടിന്റെ പേരു പറഞ്ഞ് അടുത്ത ബജറ്റിലേക്ക് നീട്ടുകൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പ്രവൃത്തി കുറച്ചുകാട്ടി വീണ്ടും തുക കൂട്ടാനുള്ള ശ്രമമാണ് നടത്തുന്നത്. തനത് വര്‍ഷത്തില്‍ മാത്രം 70കോടി രൂപ അനുവദിച്ചപ്പോള്‍ 87 കോടിയോളം തുക ചെലവഴിച്ചെന്ന് രേഖാമൂലം പറയുന്ന റെയില്‍വേ കേരളത്തിന്റെ ഭാഗത്ത് വെറും 10 ശതമാനം പ്രവൃത്തി മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് ഊട്ടറ കൊല്ലങ്കോട് റെയില്‍ – ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന് ആര്‍ ടി ഐ പകാരം നല്‍കിയ മറുപടിയില്‍ റെയില്‍വേ സമ്മതിക്കുന്നു. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന കരാര്‍ വ്യവസ്ഥയില്‍ തുടങ്ങുന്ന ചെറിയ പണിപോലും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടിക്കൊണ്ടുപോവുന്നു. ഇതിനെതിരേ നിയമ നടപടികള്‍ക്ക് തുനിയാതെ റെയില്‍വേ വര്‍ഷവും അഞ്ച് ശതമാനം ഫണ്ട്കൂട്ടികൊടുക്കുന്നത് കരാറുകാരെ പണി നീട്ടിക്കൊണ്ട്‌പോവാന്‍ പ്രേരിപ്പിക്കുന്നു.പാലക്കാട് – പൊള്ളാച്ചി – ദിണ്ടുടുക്കല്‍, പൊള്ളാച്ചി – കോയമ്പത്തൂര്‍ പണിയില്‍ സ്ഥലമേറ്റടുക്കല്‍ ആവശ്യമുള്ള ഭാഗം ഒഴിവാക്കി മെയിന്‍ലൈനായ പാലക്കാട് – പൊള്ളാച്ചി പണി വേഗത്തിലാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫണ്ട് റീച്ചടിസ്ഥാനത്തില്‍ മാത്രം വിനിയോഗിച്ച് പാലക്കാട് – പൊള്ളാച്ചി മെയിന്‍ലൈനിന്റെ പ്രവൃത്തി സമയബന്ധിതമായി തീര്‍ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫണ്ടിന്റെ പേരുപറഞ്ഞ് പണി നീട്ടുന്നതിനെതിരായും ഉറപ്പു പാലിക്കാത്തതിനെതിരേയും ഊട്ടറ ഗെയ്റ്റിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമായ ഓവര്‍ബ്രിഡ്ജ്/സര്‍വേ ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചതായിഭാരവാഹികള്‍ പറഞ്ഞു. സി മുരുകന്‍, വെങ്കിടേഷ്മുരുകന്‍, കെ വി സുബ്രഹ്മണ്യന്‍, സാദിക്, സി കൃഷ്ണന്‍, പ്രസാദ്, ജയകുമാര്‍, വൈദ്യനാഥന്‍ പ്രസംഗിച്ചു