വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 24 മണിക്കൂര്‍ വൈകി

Posted on: January 4, 2014 10:05 pm | Last updated: January 4, 2014 at 10:05 pm

air expressദുബൈ: ലഗേജ് വെട്ടിക്കുറച്ചും സമയക്രമം പാലിക്കാതെയും യാത്രക്കാരെ നിരന്തരം ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസവും യാത്ര റദ്ദാക്കി യാത്രക്കാരെ വെള്ളം കുടിപ്പിച്ചു.
രാത്രി 11.35ന് ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ എക്‌സ് -344 വിമാനമാണ് അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയത്. ബോര്‍ഡിംഗ് പാസ് നല്‍കി, ഹാന്റ് ബാഗുകള്‍ ഉള്‍പ്പെടെയുള്ളവക്ക് ടാഗ് നല്‍കിയ ശേഷം വിമാനത്തിലേക്ക് കയറാന്‍ 11 മണിയോടെ യാത്രക്കാര്‍ വരി നിന്ന ശേഷമാണ് വിമാനം താമസിക്കുമെന്ന് 11.30ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് കോഴിക്കോട്ടേക്ക് യാത്രക്കെത്തിയ താമരശേരി മേടോത്ത് മുഹമ്മദ് ബശീര്‍ പറഞ്ഞു.
അര മണിക്കൂറോളം വരി നിന്ന ശേഷമാണ് 11.30 ന് ശേഷം വിമാനം പുലര്‍ച്ചെ 1.30 മണിക്കേ പുറപ്പെടൂവെന്ന വിശദീകരണം ലഭിച്ചത്. യന്ത്ര തകരാറാണ് കാരണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു. പിന്നീട് വിമാനത്തിന്റെ ചില പാട്‌സ് മാറ്റാനുണ്ടെന്നും അത് അബുദാബി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്നും നാളെ വൈകുന്നേരമേ പുറപ്പെടൂവെന്നുമായി അധികൃതര്‍. ഇതോടെ രണ്ട് ദിവസത്തേക്കും ഒരാഴ്ചത്തേക്കുമെല്ലാം നാട്ടില്‍പോയി മടങ്ങാന്‍ പദ്ധതിയിട്ട യാത്രക്കാര്‍ ഉള്‍പ്പെടുയുള്ളവര്‍ ബഹളം വച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടതോടെയാണ് താമസവും ഭക്ഷണവും നല്‍കാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമ്മതിച്ചതെന്നും ബശീര്‍ ആരോപിച്ചു.
താമസ വിസയുള്ളവരെ മുഴുവന്‍ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും സന്ദര്‍ശന വിസയില്‍ എത്തിയവര്‍ക്ക് താമസമോ ഭക്ഷണമോ ഏര്‍പ്പെടുത്താന്‍ തയ്യാറായില്ല. ചില യാത്രക്കാര്‍ക്ക് വേഗം നാട്ടിലെത്തേണ്ടതുള്ളതിനാല്‍ മറ്റു വിമാനങ്ങളില്‍ യാത്ര തിരിക്കാന്‍ ലഗേജ് തിരിച്ചു ചോദിച്ചെങ്കിലും വിമാനത്തില്‍ ലോഡ് ചെയ്തതിനാല്‍ തിരിച്ചു നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200ഓളം യാത്രക്കാരാണ് അവിചാരിതമായി വിമാനം സര്‍വീസ് റദ്ദാക്കിയതോടെ കടുത്ത ദുരിതത്തിലായത്. ടിക്കറ്റെടുത്താലും നാട്ടില്‍ സമയത്തിന് എത്താന്‍ സാധിക്കൂമോയെന്ന ആശങ്ക എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാര്യത്തില്‍ പ്രവാസികള്‍ പരസ്പരം പങ്കുവെക്കവേയാണ് വീണ്ടും കോഴിക്കോട് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കേരളത്തിലേക്കുള്ള മറ്റൊരു സര്‍വീസ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരില്‍ നിന്നും തുടക്കത്തില്‍ പ്രതികരണമുണ്ടായില്ലെന്നും ഗെയിറ്റിന് സമീപം നിന്നിരുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് അപ്രത്യക്ഷമായെന്നും മുഹമ്മദ് പറഞ്ഞു. ഒടുവില്‍ യാത്രക്കാര്‍ സംഘമായി എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിലേക്ക് ചെല്ലുകയായിരുന്നു. പലപ്പോഴും സീറ്റ് കാലിയായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിനോടുള്ള അവശേഷിച്ച വിശ്വാസവും ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാവുമെന്നും മറ്റ് യാത്രക്കാരുടെ പ്രതികരണം ഉദ്ധരിച്ച് മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ മോശമായാണ് പെരുമാറിയതെന്ന് മറ്റൊരു യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി കുറ്റിയാടത്ത് ഹാരിസ് പറഞ്ഞു. ഹോട്ടലില്‍ താമസം ലഭിച്ചവര്‍ക്കും ഉറങ്ങാനായില്ല. വിമാനം മൂന്ന് മണിക്കാണ്, അഞ്ച് മണിക്കാണ് എന്ന് പറഞ്ഞ് ഇവരുടെ ഉറക്കവും ഇല്ലാതാക്കി. ഇന്നലെ രാത്രി വീണ്ടും വിമാനത്തില്‍ കയറാന്‍ എത്തിയിട്ടും പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന ഭീഷണിയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്കെന്നും ഒടുവില്‍ ദുബൈ എയര്‍പോര്‍ട്ട് അധികൃതരും പോലീസും ഇടപെട്ടാണ് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കിയതെന്നും ഇന്നലെ 10.45ന് ഹാരിസ് പറഞ്ഞു.
വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുടെ യു എ ഇ കണ്‍ട്രി മാനേജര്‍ റാം ബാബുവിനെ ബന്ധപ്പെട്ടപ്പോള്‍ ദുബൈ എയര്‍പോര്‍ട്ടിലെ മാനേജര്‍ രാജേന്ദ്രകുമാറിന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി ശ്രമിച്ചിട്ടും എന്‍ഗെയ്ജ്ഡ് ടോണ്‍ മാത്രമാണ് ലഭിച്ചത്. വ്യാഴാഴ്ച യാത്രക്കായി എത്തിയവരെ ഇന്നലെ രാത്രിയിലെ 11.35ന്റെ വിമാനത്തില്‍ കയറ്റി വിടാനും ഇന്നലത്തെ യാത്രക്കാരെ അടുത്ത ദിവസം കോഴിക്കോട്ടേക്ക് എത്തിക്കാനുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നീക്കം നടത്തുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഏറെ അനിശ്ചിതത്വത്തി നൊടുവില്‍ 11.35 ഓടെയാണ് ഗേറ്റ് തുറന്ന് യാത്രക്കാരെ വിമാനത്തിലേക്ക് കടത്തിവിട്ടത്.