Connect with us

International

ദക്ഷിണ സുഡാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒത്തുതീര്‍പ്പ് ചര്‍ച്ച പരിഹാരമായില്ല

Published

|

Last Updated

അഡിസ് അബാബ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനിലെ വിമത നേതാക്കളെയും സര്‍ക്കാര്‍ മേധാവികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ സമാധാന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും വേണമെന്ന് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ ആവശ്യം ഇരുവിഭാഗവും അംഗീകരിച്ചിട്ടില്ല. വിമത നേതാക്കളും സര്‍ക്കാര്‍ വക്താക്കളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവിഭാഗത്തിലെയും നേതാക്കള്‍ മധ്യസ്ഥരുമായി മാത്രമാണ് സംസാരിച്ചതെന്നും നേരിട്ടുള്ള ചര്‍ച്ചകള്‍ ഇതുവരെയായിട്ടും നടന്നിട്ടില്ലെന്നും ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് സല്‍വാ കീറിന്റെ അനുയായികളും പുറത്താക്കപ്പെട്ട മുന്‍ ഉപ പ്രധാനമന്ത്രി റീക് മച്ചറിന്റെ അനുയായികളും തമ്മില്‍ ഡിസംബര്‍ 15ന് ആരംഭിച്ച ഏറ്റുമുട്ടലുകളില്‍ ഇതുവരെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ബോര്‍ നഗരത്തിലും മറ്റും ശക്തമായ ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കലാപ മേഖലകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്ന് യു എന്‍ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. അഭയാര്‍ഥികള്‍ക്ക് ഭക്ഷണമടക്കമുള്ള അവശ്യ വസ്തുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഗുരുതരമായ പ്രശ്‌നങ്ങളാണ് ക്യാമ്പുകളില്‍ നേരിട്ടുക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സൈനികരില്‍ നിന്ന് വിമത സൈനികര്‍ പിടിച്ചെടുത്ത ബോറിലാണ് രക്തരൂഷിതമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. കൂടാതെ, തലസ്ഥാനമായ ജൂബ, യൂനിറ്റി സംസ്ഥാനത്തെ ബെന്റ്റിയു എന്നിവിടങ്ങളിലും കലാപം ശക്തമാണ്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടലിന് യാതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ദക്ഷിണ സുഡാനിലെ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതായി യു എസ് വിദേശകാര്യ വക്താക്കള്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുള്ളതായും സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് എംബസി ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചുവിളിച്ചത്. തുടര്‍ ദിവസങ്ങളില്‍ ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് സൂചനയുണ്ട്.
ദക്ഷിണ സുഡാനിലേക്ക് സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റുമായി കൂടുതല്‍ അംഗങ്ങളെ അയക്കുമെന്ന് യു എന്‍ വ്യക്തമാക്കി. കലാപ മേഖലകളിലെയും മറ്റും ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും അഭയാര്‍ഥികള്‍ക്ക് സഹായങ്ങളെത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു.

Latest