Connect with us

Malappuram

ഫഌക്‌സ് ബോര്‍ഡ്; വ്യാപാരികളും നഗരസഭ തമ്മില്‍ ഭിന്നത

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെചൊല്ലി വ്യാപാരികളും നഗരസഭയും ഭിന്നാഭിപ്രായത്തില്‍. മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം തങ്ങള്‍ക്ക് ബാധകമല്ലാത്ത രീതിയിലാണ് വ്യാപാരികള്‍ കെട്ടിടത്തിനു മുകളില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചുതുടങ്ങിയിട്ടുള്ളതെന്ന് നഗരസഭ പറയുന്നു. മാത്രവുമല്ല ഈ നിലപാട് അപലപനീയമാണ്. ബോര്‍ഡ് സ്ഥാപിക്കുന്ന സമയത്ത് തന്നെ ഇത് ശ്രദ്ധയില്‍പെട്ട നഗരസഭ ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്ന് ബന്ധപ്പെട്ടവരോട് സൈറ്റില്‍ ചെന്ന് ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും അനുമതി തങ്ങള്‍ക്ക് പ്രശ്‌നമല്ല എന്ന ദാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് അസോസിയേഷനില്‍ നിന്നും ഉണ്ടായതെന്ന് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അറിയിച്ചു. ഈ ഘട്ടത്തില്‍ അനുമതി കൂടാതെ സ്ഥാപിച്ച ബോര്‍ഡ് നിയമപരമായി കഴിഞ്ഞ ദിവസം ഗത്യന്തരമില്ലാതെ നഗരസഭ അഴിച്ചുമാറ്റുകയാണ് ഉണ്ടായത്. പെരിന്തല്‍മണ്ണയുടെ വികസന പ്രക്രിയയില്‍ ഒരുമിച്ചു നില്‍ക്കുക എന്ന രീതിയെ തകിടം മറിക്കുന്ന ഈ സമീപനം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വീകരിച്ചത് ഖേദകരമാണ്. നഗരസഭയുമായി നിലനില്‍ക്കുന്ന സൗഹൃദ അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ കളിക്ക് മര്‍ച്ചന്റ് അസോസിയേഷനെ കരുവാക്കുന്നത് തിരിച്ചറിയണമെന്ന് ബന്ധപ്പെട്ടവരോട് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു. അതേ സമയം ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 7ന്റെ പരസ്യ പ്രചരണാര്‍ഥം ഹൈടെക് ഷോപ്പിംഗ് കോംപ്ലക്‌സില്‍ വെച്ച ഫഌക്‌സ് ബോര്‍ഡ് മുനിസിപ്പല്‍ അധികാരികള്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ സമരത്തില്‍ ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. ഷാലിമാര്‍ ഷൗക്കത്ത്, പി ടി എസ് മൂസു, സി പി മുഹമ്മദ് ഇഖ്ബാല്‍ പങ്കെടുത്തു.