സുന്നി പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted on: January 2, 2014 11:50 pm | Last updated: January 2, 2014 at 11:50 pm

mannarkkad-death-hamza-noorമണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കല്ലാംകുഴി ചീനത്ത് വീട്ടില്‍ മുഹമ്മദ് ബാപ്പുവിന്റെ മക്കളായ ഹംസപ്പ(47), നാസര്‍(40) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ നാലാം പ്രതിയാണ് ഹംസപ്പ, നാസര്‍ 16-ാം പ്രതിയും. ഒന്നാം പ്രതി പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 17 പേര്‍ പിടിയിലായി. പത്തോളം പ്രതികളെ പിടികൂടാനുണ്ട്. ഒരാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. രണ്ട് പ്രതികളെ ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് കല്ലടിക്കോട് മാപ്പിള് സ്‌കൂള്‍ പരിസരത്ത് വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 20ന് രാത്രിയിലാണ് എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി പള്ളത്ത് നൂറുദ്ദീന്‍, സഹോദരന്‍ ഹംസ എന്നിവരെ അതിദാരുണമായി കൊലപ്പെടുത്തിയത്. വിഘടിത വിഭാഗത്തിന്റെ തണല്‍ എന്ന സംഘടനയുടെ അന്യായ പണപ്പിരിവിനെതിരെ പ്രതികരിച്ചതിനാണ് ലീഗ്- വിഘടിത വിഭാഗം അക്രമമഴിച്ചുവിട്ട് ഇവരെ കൊലപ്പെടുത്തിയത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പി. ഷറഫുദ്ദീന്‍, സി ഐ. ദേവസ്യ, എസ് ഐ. ദീപക് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തത്.