ഗിരീഷ് വധം: പ്രതി റിമാന്‍ഡില്‍

Posted on: January 1, 2014 8:03 am | Last updated: January 1, 2014 at 8:03 am

മാനന്തവാടി: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിലായി.
മാനന്തവാടി കമ്മന ചെമ്പകശ്ശേരി ബാബു (38) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എലൈറ്റ് റോഡിലെ പുലമൊട്ടന്‍കുന്നിലെ പാലടക്കാപ്പുള്ളില്‍ ഗിരീഷിനെ (38) കൊലപ്പെടുത്തിയ കേസിലാണ് ബാബു പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഗിരീഷിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബാബുവിനെ കാസര്‍ഗോഡ് ബദിയടുക്ക വെച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബദിയടുക്കയില്‍ ബാബു മുമ്പ് ജോലി ചെയ്തിരുന്ന കോഴിഫാമില്‍ വെച്ചാണ് പിടികൂടിയത്.
എസ് പി നിയമിച്ച എസ് എം എസ് ഡി വൈ എസ് പി ജീവാനന്ദ്, പുല്‍പ്പള്ളി സി ഐ എസ് ആഷാദ്, മാനന്തവാടി എസ് ഐ പി ബി ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വഡാണ് പ്രതിയെ പിടികൂടിയത്. പ്രതി കൊലപാതകത്തിന് ശേഷം മൈസൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന് പ്രതിയുടെ ഭാര്യയുമായുള്ള ബന്ധത്തെ തുടര്‍ന്ന് പക പോക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാബു കൊലപാതകം നടത്തിയതെന്ന് സി ഐ ആസാദ് പറഞ്ഞു.
പ്രതിയെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ബ്രാബു നിരവധി ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ്. ബാബുവിനെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.