Connect with us

Editorial

നിയമസഭയുടെ പ്രതാപം വീണ്ടെടുക്കണം

Published

|

Last Updated

കേരള നിയമസഭയുടെ ശതോത്തര രജതജൂബിലി സമാപന ചടങ്ങില്‍ സഭയുടെ ഇന്നത്തെ അധോഗതിയെക്കുറിച്ചായിരുന്നു പല നേതാക്കളും പ്രസംഗിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിലും ജനങ്ങളുടെ സാമുഹിക വളര്‍ച്ചയിലും വേഗമാര്‍ന്ന മാറ്റങ്ങള്‍ക്കു വഴിവെച്ച വിപ്ലവകരമായ പല നിയമനിര്‍മാണങ്ങളും നടത്തുക വഴി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരള നിയമസഭക്ക് ഇന്ന് ആ മാതൃക നഷ്ടമായെന്ന് എ കെ ആന്റണി പരിതപിക്കുകയുണ്ടായി. ചര്‍ച്ചകള്‍ കൂടാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് സഭയില്‍ ഇന്ന് ബില്ലുകള്‍ പാസ്സാക്കുന്നത്.ഇത് തലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും അദ്ദേഹം ഉണര്‍ത്തി. സ്പീക്കര്‍ കാര്‍ത്തികേയന്‍ ഉള്‍പ്പെടെ സാമാജികരില്‍ പലരും ആന്റണിയുടെ പരാമര്‍ശത്തെ ശരിവെക്കുകയും നിയമസഭ വെട്ടിച്ചുരുക്കുന്നതിനും ബഹളങ്ങള്‍ക്കിടയില്‍ ചര്‍ച്ച കൂടാതെ നിയമ നിര്‍മാണം നടത്തുന്നതിനുമെതിരെ ശക്തിയുക്തം പ്രതികരിക്കുകയുമുണ്ടായി.
ശ്രേഷ്ടവും നിയമനിര്‍മാണങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയുമായിരുന്നു കേരള നിയമസഭയുടെ ഭൂതകാലം. ഭൂപരിഷ്‌കരണം, തൊഴില്‍ നിയമം തുടങ്ങി പുരോഗമനപരമായ പല നിയമങ്ങളും ആദ്യമായി നടപ്പാക്കിയത് കേരളമാണ്. വിദ്യാഭ്യാസം, സാമൂഹികക്ഷേമം, അഴിമതിനിര്‍മാര്‍ജനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ ബില്ലുകള്‍ കൊണ്ടുവരാന്‍ കേരളത്തിനായി. സബ്ജക്ട്‌സ് കമ്മറ്റി കേരള നിയമസഭയുടെ സംഭാവനയാണ്. പാര്‍ലിമെന്റില്‍ പിന്നീടാണ് ഇത് നിലവില്‍ വന്നത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ നിയമസഭ കൂടുതല്‍ സമ്മേളിച്ചിരുന്നതും കേരളത്തിലായിരുന്നു. ഒമ്പത് വര്‍ഷം 70-ല്‍ പരം ദിവസത്തില്‍ കൂടുതല്‍ നിയമ സഭ സമ്മേളിച്ച കാര്യം ജി കാര്‍ത്തികേയന്‍ അയവിറക്കുകയുണ്ടായി. ഒരൊറ്റ ദിവസം 20 മണിക്കൂറിലേറെ സമ്മേളിച്ച ചരിത്രവും ഈ സഭക്കവകാശപ്പെട്ടതാണ്. 1987 ഡിസംബര്‍ 12 ന് കാലത്ത് 8.30ന് ചേര്‍ന്ന കേരള നിയമസഭ പിറ്റേന്ന് പുലര്‍ച്ചെ 4.35 നാണ് പിരിഞ്ഞത്. സഭക്ക് മുമ്പാകെ വരുന്ന നിയമങ്ങള്‍ കാര്യക്ഷമവും പരമാവധി കുറ്റമറ്റതുമാക്കുന്നതില്‍ മുന്‍കാല സാമാജികര്‍ക്കുണ്ടായിരുന്ന നിഷ്‌കര്‍ഷതയായിരുന്നു ഇതിനു കാരണം. ഇന്നതെല്ലാം കൗതുകവാര്‍ത്തകളായി മാറി. ഈ വര്‍ഷം കേവലം 37 ദിവസമാണ് സഭ ചേര്‍ന്നത്. പല ദിവസങ്ങളിലും മിനുറ്റുകള്‍ കൊണ്ടവസാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജനുവരി 28ന് അഞ്ച് മിനുറ്റ് കൊണ്ടാണ് സഭ ചേര്‍ന്നു പിരിഞ്ഞത്. സഭ കൂടിയാല്‍ തന്നെ ക്രിയാത്മക ചര്‍ച്ചകളോ നടപടികളോ ഇല്ല. മുന്‍വര്‍ഷം സഭയുടെ സമയത്തില്‍ ഭൂരിഭാഗവും കവര്‍ന്നത് ഗണേഷ്, സരിത പോലെയുള്ള പ്രശ്്‌നങ്ങളായിരുന്നു. തെറിവിളിയും അസഭ്യ വര്‍ഷവും ഉന്തും തള്ളും കൈയാങ്കളിയുമായി തെരുവ് പിള്ളേരെ പോലും നാണിപ്പിക്കുന്ന പ്രകടനങ്ങളാണ് പല ദിവസങ്ങളിലും സഭയില്‍ കാണാനായത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അന്ധമായി എതിര്‍ക്കുകയാണ് തങ്ങളുടെ ബാധ്യതയെന്ന മട്ടിലാണ് പ്രതിപക്ഷത്തിന്റെ സമീപനം. പ്രതിപക്ഷത്തിന്റെ താത്വികമായ നിര്‍ദേശങ്ങള്‍ പോലും ചെവിക്കൊള്ളാനുള്ള മാനസിക വിശാലത ഭരണപക്ഷത്തിനുമില്ല. മന്ത്രിമാരുടെയും ശമ്പള വര്‍ധനാ ബില്ലില്‍ മാത്രമാണ് ഇരുവിഭാഗത്തിനുമിടയില്‍ യോജിപ്പ് കാണാറുള്ളത്.
നിയമസഭയെ കേവലം കക്ഷിരാഷ്ട്രീയ വൈരം തീര്‍ക്കാനുള്ള വേദിയായി അധഃപതിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിച്ചു ജനകീയ പ്രശ്‌ന പരിഹാരത്തിന് വിനിയോഗിക്കുന്ന കാര്യത്തില്‍ ഇരുവിഭാഗവും യോജിക്കേണ്ടതുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്തും യോജിക്കാവുന്ന മേഖലകളില്‍ പരമാവധി യോജിച്ചും ഭരണപ്രതിപക്ഷ ചേരികള്‍ മുന്നോട്ടു പോകുമ്പോഴാണ് നിയമനിര്‍മാണസഭ ക്രിയാത്മകമാകുന്നത്. ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുകയും അടിസ്ഥാനാവശ്യങ്ങള്‍ക്കായി പരക്കം പായുകയും ചെയ്യുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്ക് വേണ്ടി സഭ സ്തംഭിപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കുന്ന സമരാഭാസങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന പ്രവണതയും ഒഴിവാക്കപ്പെടേണ്ടതുണ്ട്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നിയമനിര്‍മാണങ്ങളില്‍ കാലതാമസം വരുത്തുകയും ജനകീയ പ്രശ്‌നങ്ങള്‍ക്കു നേരെ പുറംതിരിയുകയും ചെയ്യുന്ന് സ്ഥിതിവിശേഷവും അവസാനിപ്പിക്കേണ്ടതുണ്ട്. വര്‍ഷത്തില്‍ കുറഞ്ഞത് നൂറ് ദിവസമെങ്കിലും നിയമസഭ ചേരുമെന്ന് ഉറപ്പാക്കണമെന്നും നിയമനിര്‍മാണമുള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി ആലോചിക്കണമെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉണര്‍ത്തിയത് ശ്രദ്ധേയമാണ്. നിയമ സഭയുടെ അധോഗതിയില്‍ പരിതപിച്ചു പിരിഞ്ഞതു കൊണ്ടായില്ല അതിന്റെ പൂര്‍വകാല പ്രതാപം വീണ്ടെടുക്കാനുള്ള ഉറച്ച കാല്‍വെപ്പുകളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും നേതാക്കളില്‍ നിന്നും ജനം പ്രതീക്ഷിക്കുത്.

Latest