ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് നാളെ മുതല്‍ ഗ്യാസ് സബ്‌സിഡിയില്ല

Posted on: December 31, 2013 8:41 pm | Last updated: December 31, 2013 at 8:41 pm
SHARE

lpgതിരുവനന്തപുരം: സംസ്ഥാനത്ത് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് നാളെ മുതല്‍ എല്‍ പി ജി സബ്‌സിഡി അനുവദിക്കില്ല. ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിച്ചതോടെ സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി മാത്രം നല്‍കിയാല്‍ മതിയെന്ന് എണ്ണക്കമ്പനികള്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കേരളത്തിന് ഇനി സമയം നീട്ടിനല്‍കാനിടയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറിലാണ് സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. തുടര്‍ന്ന് എല്ലാവര്‍ക്കും ആധാര്‍ ബന്ധിപ്പിക്കുന്നതിനായി നവംബര്‍ 30 വരെ സമയം സമയം അനുവദിച്ചു. പിന്നീട് കേരളത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഒരു മാസം കൂടി അവധി നീട്ടി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് നിലവില്‍ 74.85 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ പാചകവാതക കണക്ഷനുള്ളത്. ഇവരില്‍ 60 ശതമാനം മാത്രമാണ് ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത്. 34.16 ലക്ഷം പേര്‍ ഇപ്പോഴും ആധാര്‍ ബന്ധിപ്പിച്ചിട്ടില്ല. ഇവര്‍ക്ക് നാളെ മുതല്‍ ഗ്യാസ് സബ്‌സിഡി ലഭ്യമാകില്ല.