ജല-വൈദ്യുതി ബില്‍ സംഖ്യയില്‍ ചുരുങ്ങിയത് 45 ദിവസത്തെ ചാര്‍ജ് അടച്ചിരിക്കണമെന്ന് എ ഡി ഡി സി

Posted on: December 31, 2013 6:00 pm | Last updated: December 31, 2013 at 6:35 pm

അബുദാബി: ജല-വൈദ്യുതി ഉപഭോഗത്തിന് കമ്പനിയിലേക്ക് ഉപഭോക്താവ് അടക്കേണ്ട ബില്‍ തുകയില്‍ ചുരുങ്ങിയത് 45 ദിവസ ഉപഭോഗത്തിന്റെ സംഖ്യയെങ്കിലും അടച്ചിരിക്കണമെന്ന് അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി.
ബില്‍ തുക പൂര്‍ണമായും അടക്കാന്‍ ഉദ്ദേശിക്കാത്ത ഉപഭോക്താക്കള്‍ ചുരുങ്ങിയത് എത്ര സംഖ്യയാണ് അടക്കേണ്ടതെന്ന് സംശയനിവാരണമെന്ന നിലയിലാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്. ബില്‍ തുക എത്ര കുറവായാലും കൂടുതലായാലും 45 ദിവസത്തെ ഉപഭോഗത്തിനുള്ള പണം അടച്ചിരിക്കണം. ആകെ ബില്‍ തുകയുടെ ഇത്ര എന്ന സംഖ്യയുടെ കണക്കിലല്ല, മറിച്ച് 45 ദിവസത്തെ ഉപഭോഗത്തിനുള്ള സംഖ്യയാണ് അടക്കേണ്ടത്.
നിലവിലുള്ള കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഉപഭോഗം മാറ്റുമ്പോള്‍, നിലവിലുള്ള മുഴുവന്‍ സംഖ്യയുടെ ബാധ്യതയും അടച്ചുതീര്‍ക്കുകയും കമ്പനിയില്‍ നിന്നും ക്ലിയറന്‍സ് ലെറ്റര്‍ കൈപ്പറ്റുകയും വേണമെന്നും എ ഡി ഡി സി അധികൃതര്‍ പറഞ്ഞു.
ബില്‍ അടത്താത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയ ഉപഭോക്താക്കള്‍ തൊട്ടടുത്ത കമ്പനി കൗണ്ടറില്‍ നേരിട്ട് പണം അടച്ചാല്‍ ഉടന്‍ തന്നെ സേവനം പുനസ്ഥാപിക്കും. ഓണ്‍ലൈന്‍ വഴിയാണ് അടക്കുന്നതെങ്കില്‍, സേവനം പുനഃസ്ഥാപിക്കാന്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയമെടുക്കും.