Connect with us

Kozhikode

കുളമ്പുരോഗം വ്യാപകമാകാതിരിക്കാന്‍ കര്‍ഷകര്‍ മുന്‍കരുതലെടുക്കണം

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ കുളമ്പ് രോഗബാധ തടയുന്നതിനായി വിവിധ പദ്ധതികള്‍ നടത്തിവരുന്നതായും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
രോഗബാധക്ക് സാധ്യതയുള്ള സാഹചര്യങ്ങളിലെ കന്നുകാലികള്‍ക്ക് അടിയന്തരമായി പ്രതിരോധ കുത്തിവപ്പെടുക്കണം. രോഗ ബാധ ഉണ്ടായിട്ടുളള പ്രദേശങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും, കന്നുകാലികളെ കടത്തി കൊണ്ടു വരുന്ന റോഡുകളില്‍ ഒരു കിലോമീറ്റര്‍ ഉളളിലേക്കും, കച്ചവടത്തിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന ഷെഡുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലും, അറവുശാലകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലും വനാതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലുമുള്ള കന്നുകാലികള്‍ക്കാണ് അടിയന്തരമായി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത്. ഇതിനായി പഞ്ചായത്ത്തലത്തില്‍ നിലവിലുളള വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ക്കു പുറമേ ജില്ലാതലത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് അടിയന്തിര സ്‌ക്വഡുകളും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 15 മൊബൈല്‍ സ്‌ക്വാഡുകളെയും അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കന്നുകാലികളുടെ വില്‍പനയും വാങ്ങലും തത്ക്കാലം നിര്‍ത്തിവെക്കുക. കന്നുകാലികളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഒഴിവാക്കുക. പൊതുസ്ഥലങ്ങളില്‍ മേയാന്‍ വിടരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവയെ മറ്റുള്ളവയില്‍ നിന്ന് ഉടന്‍ മാറ്റിപാര്‍പ്പിക്കുക. എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധയുളള പശുക്കളുടെ പാല്‍ ഉപയോഗിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് യാതൊരു തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ലെന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ 0495 -2768155