ആദിവാസികള്‍ക്കിടയില്‍ സമ്പൂര്‍ണ സാക്ഷരത: ഗിരിശ്രീ പദ്ധതിസമര്‍പ്പിച്ചു

Posted on: December 31, 2013 2:06 pm | Last updated: December 31, 2013 at 2:06 pm

പാലക്കാട്: മൂന്ന് വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയിലെ ആദിവാസികളെ സമ്പൂര്‍ണ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പ് നടപ്പാക്കുന്ന സമൂഹ പഠന കേന്ദ്രങ്ങള്‍ക്കുള്ള ഗിരിശ്രീ പദ്ധതിയുടെ നിര്‍ദേശം സമര്‍പ്പിച്ചു. ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചത്. അട്ടപ്പാടിയില്‍ മുഴുവന്‍ ആദിവാസി വിഭാഗങ്ങള്‍ക്കും അക്ഷരാഭ്യാസവും കാലിക വിഷയങ്ങളില്‍ അറിവും തുടര്‍ പഠനങ്ങള്‍ക്കും ആധുനിക വിവര വിജ്ഞാന വിനിമയത്തിന് വേദിയും ഒരുക്കുവാന്‍ വേണ്ടി സമൂഹപഠന കേന്ദ്രങ്ങള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ(കെ എസ് എല്‍ എം എ) സഹകരണത്തോടെ അട്ടപ്പാടി ഐ ടി ഡി പി മുഖേനയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.——
2013 ആഗസ്റ്റ് അഞ്ചിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അട്ടപ്പാടി അവലോകന യോഗത്തില്‍ പോസ്റ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടിയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ നിര്‍ദേശം സമര്‍പ്പിച്ചത്.——
സംസ്ഥാനത്തെ ഏക ട്രൈബല്‍ ബ്ലോക്കായ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പഠനം ഉപേക്ഷിച്ച യുവാക്കളും മധ്യവയസ്‌കരും ഉള്‍പ്പെടുന്ന ഭൂരിഭാഗം വരുന്ന ആദിവാസി സമൂഹത്തിന് തുടര്‍പഠനം അപ്രാപ്യമായ അവസ്ഥയാണുള്ളത്. വായനാ സൗകര്യങ്ങളുടെ കുറവും ഊരുകളിലെ സൗകര്യക്കുറവുകളും ഇവരുടെ നിരക്ഷരത വര്‍ധിക്കുവാന്‍ കാരണമായിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ സാക്ഷരത 66.5 ശതമാനവും ഇതില്‍ തന്നെ ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത 62 ശതമാനം മാത്രവുമെന്ന കണക്കുകള്‍ ഇതിന് അടിവരയിടുന്നു. ഇതിന് പരിഹാരമായാണ് സമൂഹപഠന കേന്ദ്രങ്ങള്‍ എന്ന ആശയം മുന്നോട്ട് െവക്കുന്നത്. അട്ടപ്പാടിയിലെ 192 ഊരുകളിലും സമൂഹപഠന കേന്ദ്രം ആരംഭിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
ഇതിന് നിലവിലുള്ള കമ്യൂണിറ്റി സെന്ററുകളെ പ്രയോജനപ്പെടുത്തും. ഊരുകളിലെ മുഴുവന്‍ പേര്‍ക്കും തുടര്‍പഠനവും തൊഴില്‍ പരിശീലനവും വിവര വിജ്ഞാന വിനിമയവും പ്രാപ്യമാക്കും വിധത്തില്‍ വേദിയൊരുക്കുക, കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ സക്രിയമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും ശേഷി വളര്‍ത്തുന്നതിനും സഹായിക്കുക, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, നിയമബോധനം തുടങ്ങിയ മേഖലകളില്‍ അവബോധം വളര്‍ത്തി ആരോഗ്യമുള്ള ജനതയെയും പരിസ്ഥിതിയും സൃഷ്ടിക്കുക, ആദിവാസികളുടെ കലാകായിക സാംസ്‌കാരിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, തനത് കൃഷിരീതികളും ഭാഷയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിക്കുക, സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ഐ ടി ഡി പിയുമായി ബന്ധപ്പെട്ട് വിവരങ്ങളും വിജ്ഞാനങ്ങളും കൈമാറുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ വിവര വിനിമയ കേന്ദ്രമായി പ്രവര്‍ത്തിക്കുക, ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് അഭ്യസ്ഥവിദ്യരായ യുവജനതയെ പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാമ്പത്തികവുമായ ചുമതലകള്‍ ഐ ടി ഡി പിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, വിലയിരുത്തല്‍, സാങ്കേതിക സഹായം, പരിശീലനം നല്‍കല്‍, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സംസ്ഥാന സാക്ഷരതാ മിഷനുമായിരിക്കുമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അട്ടപ്പാടി ഐ ടി ഡി പി കേന്ദ്രീകരിച്ച് പദ്ധതി നിര്‍വഹണത്തിന് സംഘാടക സമിതി രൂപവത്കരിക്കുകയും ഇതില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, ഊരുകൂട്ടം പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, വികസന സ്ഥാപനങ്ങളിലെ മേലധികാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പ്രവേശന ഉത്സവം എന്ന പേരില്‍ സാക്ഷരതാ, തുല്യതാ, തൊഴില്‍ പരിശീലനങ്ങള്‍, പരിഹാര ബോധനം എന്നിവ മുഖേന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. അറിവിലൂടെ അട്ടപ്പാടിയുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.