Connect with us

Palakkad

ആദിവാസി ഭൂമി കൈയേറ്റം: വന്‍കിട കൈയേറ്റക്കാര്‍ക്ക് നോട്ടീസ് ലഭിക്കുന്നില്ല

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിലപാട് സ്വീകരിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ കൈയേറ്റക്കാര്‍ക്കൊപ്പമെന്ന് വിമര്‍ഷനം. കൈയേറ്റങ്ങള്‍ക്കെതിരെ നോട്ടീസയച്ചപ്പോള്‍ നുസ്‌ലോണ്‍ ഉള്‍പ്പടെയുള്ള കൈയേറ്റക്കാരെ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയേറിയ 77 പേര്‍ക്കാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചവരേറെയും കര്‍ഷകരാണ്.
എന്നാല്‍, ആദിവാസിഭൂമി കൈയേറി കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച നുസ്‌ലോണ്‍ ഉള്‍പ്പടെ വന്‍കിട കൈയേറ്റക്കാര്‍ക്ക് ഇനിയും നോട്ടീസ് ലഭിച്ചിട്ടില്ല. വന്‍കിട കൈയേറ്റങ്ങളെ അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടു പോലും നടപടിയുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം ഒന്നിനാണ് എ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ കത്തയച്ചത്.
നുസ്‌ലോണ്‍ തട്ടിയെടുത്ത ആദിവാസി ഭൂമി ഇനിയും പിടിച്ചെടുത്തിട്ടില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. ഷോളയൂര്‍ പഞ്ചായത്തിലെ വീരക്കല്‍ മേട്ടില്‍ ആദിവാസി ഭൂമി കൈയേറി വര്‍ണ ഭൂമി ഓര്‍ഗാനിക് ഫാം എന്ന സ്ഥാപനം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ആദിവാസികള്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതൂര്‍ പഞ്ചായത്തിലെ ധാന്യം ഊരില്‍ ആദിവാസി ഭൂമി ഗ്രാനൈറ്റ് ഖനനത്തിന് അനുവദിച്ചത് കെ എസ് ഐ ഡി യുടെ നിര്‍ദ്ദേശ പ്രകാരമാണ്.
തിരുവനന്തപുരം ആസ്ഥാനമായ വെസ്റ്റ് കോസ്റ്റ് എന്ന കമ്പനി കഴിഞ്ഞ 22 വര്‍ഷമായി ഇവിടെ ഖനനം നടത്തുക പോലും ചെയ്യാതെ ഈഭൂമി കൈവശം വെച്ചിരിക്കുകയാണ്. നേരിട്ടുള്ള കൈയേറ്റം കൂടാതെ വന്‍കിടക്കാര്‍ വ്യാജ രേഖയുണ്ടാക്കി ആദിവാസി ഭൂമി സ്വന്തമാക്കിയ ശേഷം റിസോര്‍ട്ട് നിര്‍മാണമാരംഭിച്ചതായും പ്രൊജക്ട് ഡയറക്ടറുടെ കത്തില്‍ പറയുന്നു.
നിയമങ്ങളുണ്ടായിട്ടും അത് നടപ്പാക്കാന്‍ മടിക്കുന്നതു കൊണ്ടാണ് കൈയേറ്റങ്ങള്‍ തുടരാന്‍ കാരണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest