തന്റെ ഭരണകാലം തങ്കലിപികളില്‍ എഴുതിവെക്കേണ്ടതെന്ന് തിരുവഞ്ചൂര്‍

Posted on: December 31, 2013 12:08 pm | Last updated: December 31, 2013 at 11:54 pm

radha

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിസ്ഥാനം താന്‍ വഹിച്ച കാലം തങ്കലിപികളില്‍ എഴുതിവെക്കേണ്ടതാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി സമ്പൂര്‍ണ സഹകരണം എല്ലാ ഭാഗത്തുനിന്നുമുണ്ടായി. സ്ഥാനമൊഴിയുന്ന സമയത്ത് ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും ഒഴിയുന്ന പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ചുമതല ഭംഗിയായി സത്യസനധതയോടുകൂടി ചെയ്തു എന്നാണ് വിശ്വാസം. താന്‍ മന്ത്രിസ്ഥാനത്ത് തുടരുമോ ഇല്ലയോ എന്നത് പാര്‍ട്ടി തീരുമാനിക്കും. ഇക്കാര്യത്തില്‍ തന്റെ ആഗ്രഹത്തിന് പ്രസക്തിയില്ല.

മികച്ച ഭരണമാണ് സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് കാഴിചവെച്ചത്. ഒന്നര വര്‍ഷമായി വകുപ്പുമായി എല്ലാവരും സഹകരിച്ചു. സഹകരിച്ചവര്‍ക്ക് താന്‍ നന്ദി അറിയിക്കുകയാണ്. കേരളം ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ഇടതുപക്ഷം പല സന്ദര്‍ഭങ്ങളിലും പല സമരങ്ങള്‍ നടത്തി. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയേറ്റ് വളഞ്ഞ സമരത്തില്‍ ഒരു തുള്ളി രക്തം പോലും വീഴാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രിയെ പലസ്ഥലങ്ങളിലായി ഉപരോധിച്ചു, കരിങ്കൊടി കാണിച്ചു. ഇവിടെയെല്ലൊ പോലീസ് പക്വത കാണിച്ചു.

ടി പി വധക്കേസില്‍ അന്വേഷണത്തില്‍ ശുഷകാന്തി ഉണ്ടോ എന്ന് വിധി വരുമ്പോള്‍ അറിയാം. കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടി. മുഖ്യമന്ത്രിക്ക് ശരിയായ സുരക്ഷ നല്‍കിയിട്ടുണ്ട്. അലക്‌സാണ്ടര്‍ ജേക്കബ് ഏറ്റവും നല്ല പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ്. എന്നാല്‍ കോടതിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യത്തില്‍ അദ്ദേഹം അബദ്ധത്തില്‍ നടത്തിയ പരാമര്‍ശമാണ് സ്ഥാനത്തുനിന്നും നീക്കാനുള്ള കാരണമായതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.